തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിനെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം നേതാവ് എം.വി.ജയരാജനും. കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ ബോധപൂർവ്വം കെഎസ്‍യു സംഘർഷം സൃഷ്ടിച്ചതാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
'യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനം തിരുവനന്തപുരം പാളയത്തെത്തിയപ്പോഴായിരുന്നു കെഎസ്‍യു ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ടത്. കെഎസ്‍യു അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ ആവേശകരമായ വിജയത്തിന്‍റെ അടിത്തറ, ഇതിൽ വിറളിപൂണ്ട കെഎസ്‍യു അക്രമി സംഘം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു,' എം.വി.ഗോവിന്ദന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
അവശനിലയില്‍ കട്ടിലില്‍ കിടക്കുന്ന ശിവപ്രസാദിന്‍റെ സമീപത്തുനിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഗോവിന്ദന്‍റെ കുറുപ്പ്. അതേസമയം സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ–കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അക്രമത്തിന് തുടക്കമിട്ടത് എസ്എഫ്ഐ എന്നാണ് എഫ്ഐആര്‍. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പരസ്പരം കല്ലെറിഞ്ഞ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.