ലണ്ടനില്‍ എസ്എഫ്ഐ, യുകെ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ്. ന്ത്യയിലെ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധത്തിന് രാജ്യന്തര പിന്തുണ നല്‍കാനായി ഞായറാഴ്‌ച യുകെയിലെ ട്രാഫൽഗർ ചത്വരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഗ്രേറ്റ പിന്തുണയുമായി എത്തിയത്. പരിപാടിയിൽ സംസാരിക്കവേ, ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ സമരം ലോകമെമ്പാടുമുള്ള യുവാക്കൾക്ക് അഭിമാനവും പ്രതീക്ഷയും നൽകുന്നതാണെന്ന് ഗ്രേറ്റ അഭിപ്രായപ്പെട്ടു. നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പോരാട്ടം തങ്ങളുടെയും കൂടിയാണെന്നും ഗ്രേറ്റ പറഞ്ഞു.

ഗ്രേറ്റയുടെ വാക്കുകള്‍– ‘പ്രതിഷേധ സംഗമത്തിലൂടെ ഇന്ത്യയിലെ യുവതയ്ക്കൊപ്പമാണ് ലോകരാജ്യങ്ങളെന്ന്‌ നാം തെളിയിക്കുകയാണ്‌. ഇന്ത്യയിലെ വിദ്യാർഥികളുടെ സമരപോരാട്ടം  അഭിമാനവും പ്രതീക്ഷയും നൽകുന്നതാണ്‌. വിദ്യാർഥികൾ ഒറ്റക്കെട്ടായി നിന്നാല്‍ എന്തും സാധ്യമാണെന്ന്‌ അവർ തെളിയിച്ചിരിക്കുന്നു. നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടി വിദ്യാർഥികൾ നടത്തിയ സമരം നമ്മുടേതു കൂടിയാണ്‌. അതിനാൽ ഇന്ത്യയിലെ പൊരുതുന്ന യുവതയ്ക്ക്‌ ഒപ്പം നമ്മളും അണിചേരണം. നിങ്ങള്‍ക്കൊപ്പം നിൽക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്‌. നന്ദി.’

ഇതിനുമുൻപും ഗ്രേറ്റ സമാനമായ നിരവധി വിദ്യാർഥി, സാമൂഹിക പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങൾക്ക് പുറമെ ആഗോളതലത്തിലുള്ള വിവിധ ജനകീയ പോരാട്ടങ്ങൾക്കും ഗ്രേറ്റ നിരന്തരം പിന്തുണ നൽകാറുണ്ട്. 2021ല്‍ ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിനും ഗ്രേറ്റ വലിയ പിന്തുണ നൽകിയിരുന്നു. സമരത്തെ രാജ്യാന്തര ശ്രദ്ധയിൽ കൊണ്ടുവരാൻ 'ടൂൾകിറ്റ്' (Toolkit) ഗ്രേറ്റ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ ചർച്ചയായിരുന്നു.

ENGLISH SUMMARY:

Greta Thunberg joined an SFI UK protest in London, showing international support for the student-led movement against the NEET exam scam in India. She emphasized that the fight for justice and democracy by Indian students offers pride and hope to youth worldwide.