വധശിക്ഷയുടെ നിഴലിൽ സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീം ഒടുവിൽ ജയിൽ മോചിതനായി. റഹീമിന്റെ മോചന ഉത്തരവിൽ ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചതായും ജയിലിൽ നിന്ന് അദ്ദേഹത്തെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് (ഡെപോർട്ടേഷൻ സെന്റർ) മാറ്റിയതായും റഹീം നിയമസഹായ സമിതി അറിയിച്ചു. എക്സിറ്റ് വിസ നടപടികൾ പൂർത്തിയായ റഹീമിന് ഇനി നാട്ടിലേക്ക് തിരിക്കാൻ ഇമിഗ്രേഷൻ നടപടികൾ മാത്രമാണ് ബാക്കിയുള്ളത്.
കഴിഞ്ഞ മെയ് 20-ഓടെ അബ്ദുറഹീമിന്റെ 20 വർഷത്തെ കഠിന തടവ് ശിക്ഷാ കാലാവധി പൂർത്തിയായിരുന്നു. ശിക്ഷ കഴിഞ്ഞയുടൻ തന്നെ മോചന ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സൗദിയിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വന്ന ഔദ്യോഗിക അവധികൾ കാരണമാണ് നടപടികൾ അല്പം നീണ്ടുപോയത്. നിലവിൽ എക്സിറ്റ് വിസ അടക്കമുള്ള എമർജൻസി നടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ഇമിഗ്രേഷൻ, വിമാന ടിക്കറ്റ് നടപടികൾ കൂടി വരും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി റഹീം ജന്മനാട്ടിലേക്ക് തിരിക്കും.
2006-ലാണ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി അബ്ദുറഹീം സൗദി അറേബ്യയിലെത്തിയത്. എന്നാൽ അവിടെ വെച്ച് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണത്തിന് അവിചാരിതമായി കാരണക്കാരനായതോടെ റഹീം കൊലക്കുറ്റത്തിന് ജയിലിലായി. സൗദി കോടതി റഹീമിന് വധശിക്ഷ വിധിക്കുകയും ചെയ്തു.
റഹീമിന്റെ ജീവൻ രക്ഷിക്കാനായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കൈകോർക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ഹൃദയത്തിൽ തൊട്ടുള്ള ആ കാമ്പയിനിലൂടെ സ്പോൺസറുടെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ (ദയാധനം) റെക്കോർഡ് വേഗതയിലാണ് മലയാളികൾ സമാഹരിച്ചത്. ഈ തുക കൈമാറിയതോടെയാണ് വധശിക്ഷ ഒഴിവാക്കി കോടതി തടവ് ശിക്ഷയായി മാറ്റിയത്.
റഹീമിന്റെ മോചന വാർത്തയറിഞ്ഞതോടെ കോഴിക്കോട്ടെ വീട്ടിൽ വലിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. രണ്ട് പതിറ്റാണ്ടായി കണ്ണീരോടെ പ്രാർത്ഥനയിലായിരുന്ന ഉമ്മയ്ക്കും കുടുംബത്തിനും ലഭിക്കാവുന്ന ഏറ്റവും വലിയ പെരുന്നാൾ സമ്മാനമാണിത്. "നടപടികളെല്ലാം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇനി ഇമിഗ്രേഷൻ നടപടികളും ടിക്കറ്റ് എടുക്കുന്നതും മാത്രമാണ് ബാക്കി. വരാനിരിക്കുന്ന പെരുന്നാളിന് മുൻപായി റഹീം വീട്ടിലെത്തിയാൽ ഉമ്മയ്ക്ക് അത് അത്രയും സന്തോഷം നൽകുന്ന കാര്യമാണ്," റഹീമിന്റെ സഹോദരൻ നസീർ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തിയാക്കി റഹീം കേരളത്തിൽ വിമാനമിറങ്ങുമെന്നാണ് സഹായ സമിതി നൽകുന്ന സൂചന. ഇതോടെ ഇരുപത് വർഷത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഒരു കുടുംബത്തിന്റെ നെഞ്ചുരുകിയുള്ള കാത്തിരിപ്പിനും ശുഭപര്യവസാനമാവുകയാണ്.