കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് എസ്എഫ്ഐ– കെഎസ്‌യു ഏറ്റുമുട്ടല്‍. ഇരുവിഭാഗവും ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശി. ജല പീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞു പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല . സിപിഎം നേതാക്കളായ എ.എ.റഹിം , എം. വി. ജയരാജന്‍ ഉള്‍പ്പെ‍ടെയുള്ളവര്‍ രംഗത്തെത്തി. ഏകപക്ഷീയമായി പൊലീസ് ലാത്തിവീശിയെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊലീസിന് വി.‍ഡി.സതീശന്‍ ഭക്തിയെന്ന് റഹിം വിമര്‍ശിച്ചു. സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെ വീണ്ടും കല്ലേറുണ്ടായി. പാളയത്തുനിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നീങ്ങി. വഴിയിലെ യു‍‍‍ഡിഎഫ് ഫ്ലക്സുകള്‍ വലിച്ചുകീറി . 

 

തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ സ്വീകരിച്ചുകൊണ്ടുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടയിലാണ് സംഘര്‍ഷം തുടങ്ങിയത്. നാമമാത്രമായ കെഎസ്‍യു പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ തയ്യാറാകാതെ കല്ലെറിയുന്നവർക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. 

 

ജനാധിപത്യ സമൂഹത്തിൽ വിജയിച്ചവർ മാലയണിഞ്ഞ് പ്രകടനം നടത്തുമ്പോൾ അതിന് നേരെ അക്രമം അഴിച്ചുവിടുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. 

വിദ്യാർഥി നേതാക്കളെ മർദിച്ച ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് മാറ്റണം. ക്യാംപസുകളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം സംഭവങ്ങളിൽ കർശന നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Thiruvananthapuram Palayam witnessed a violent clash between SFI and KSU activists following the Kerala University Union elections. The confrontation escalated with stone-pelting from both sides, prompting police intervention with lathi charges and water cannons, but protestors remained defiant.