ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദ്ദന കേസ് അട്ടിമറിയിൽ എഡിജിപി എം.ആ.അജിത് കുമാറിനെതിരെ ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ്. അജിത് കുമാറിനെതിരായ റിപ്പോർട്ട് നാളെയോ മറ്റെന്നാളോ ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറും. അജിത് കുമാറിനെതിരായ പരാമർശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയേക്കും . നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ അജിത് കുമാറിന് അവസരം ഒരുക്കാത്ത തരത്തിൽ റിപ്പോർട്ട് നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
അജിത് കുമാറിനെതിരായ റിപ്പോർട്ട് 18 ദിവസമായി പൂഴ്ത്തിയിരിക്കുകയായിരുന്നു. ഇതോടെ അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നു എന്ന ആക്ഷേപം കോൺഗ്രസിനുള്ളിലും സജീവമായി. ഇത് രാഷ്ട്രീയമായി തിരിച്ചടി ആകുമെന്ന് വിലയിരുത്തൽ ഉയർന്നതോടെയാണ് കർശന നടപടിക്ക് ആഭ്യന്തരമന്ത്രി തീരുമാനിച്ചത്.
എം.ആര്‍.അജിത്കുമാര്‍ വിഷയത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമപരമായി ചെയ്യേണ്ടവ സമയത്ത് ചെയ്യും. എല്ലാ നടപടികളും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു .