കാലവര്‍ഷം പടിവാതിക്കലെത്തി. എപ്പോള്‍വേണമെങ്കിലും മണ്‍സൂണ്‍ മഴ കേരളത്തിലെത്തുന്നതിന് അനുകൂലമായ സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അറേബ്യന്‍ കടലിലേക്കും കന്യാകുമാരി കടലിടുക്കിലേക്കും മഴ വ്യാപിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍  സെപ്റ്റംബര്‍ അവസാനം വരെ നാലുമാസക്കാലമാണ് മണ്‍സൂണ്‍. ഈ കാലയളവിലാണ് രാജ്യത്ത് ലഭിക്കുന്ന മഴയുടെ 80 ശതമാനവും  ലഭിക്കുന്നത്. 

കേരളത്തില്‍ സാധാരണ  ജൂണ്‍ , ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ശക്തമായ മഴ ലഭിക്കുന്നത്. കാലവര്‍ഷത്തിന് ചാക്രിക സ്വഭാവമുണ്ട്. ഏതാനും ദിവസം ശക്തമായ മഴകിട്ടും , പിന്നെ മഴയുടെ ശക്തി കുറയും , തുടര്‍ന്ന് പിന്നെയും മഴ ശക്തമാകും. മഴയും കാറ്റുമാണ് കാലവര്‍ഷത്തിന്‍റെ സ്വഭാവം. കേരളത്തില്‍ തന്നെ പലജില്ലകളിലും മഴ പലതരത്തിലാണ്. വയനാട്ടില്‍ നിര്‍ത്താതെ മഴ പെയ്യുമ്പോള്‍തിരുവനന്തപുരത്ത് ഇടവിട്ടുള്ള മഴയാണ് ലഭിക്കുന്നത്. 

2018 ലെപ്രളയം മുതല്‍ മലയാളികള്‍ മണ്‍സൂണിനെ ഭയന്നു തുടങ്ങി. ശക്തമായ മഴ , കടലേറ്റം, വെള്ളപ്പൊക്കം , മണ്ണിടിച്ചില്‍ ഇങ്ങനെ ഒരുകൂട്ടം പ്രശ്നങ്ങളാണ് മഴക്കാലത്തിനൊപ്പം എത്തുക. മണ്‍സൂണ്‍പൂര്‍വ്വ ശുചീകരണം വേണ്ടവിധം നടന്നില്ലെങ്കില്‍ വെള്ളക്കെട്ടിനുള്ള സാധ്യത ഏറെയാണ്. കുത്തനെയുള്ള മലഞ്ചെരുവുകളിലാണ് മണ്ണിടിച്ചിലിന്  സാധ്യതയുള്ളത്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകളെടുക്കണം. ഒപ്പം ദുരന്തനിവാരണ അതോറിറ്റിയും ജില്ലാകലക്ടര്‍മാരും നല്‍കുന്ന മുന്നറിയിപ്പുകളും ഗൗരവമായി കാണണം. 

കടലേറ്റമാണ് കാലവര്‍ഷത്തിലെ മറ്റൊരു പ്രശ്നം. വലിയ തിരമാലകളും ശക്തമായ കാറ്റും ചേര്‍ന്ന് മത്സ്യബന്ധനം അസാധ്യമാക്കും. തീരത്തേക്ക് അടിച്ചുകയറുന്ന തിരമാലകള്‍ കരകവര്‍ന്നെടുക്കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകളിലാണ് കടലേറ്റവും തീരശോഷണവും ഏറ്റവും രൂക്ഷം.  മഴയെത്തുന്നത് ആശ്വാസമാണ്, പ്രതീക്ഷയും. എന്നാല്‍ മഴക്കാലങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയംകൂടിയാണെന്ന് കേരളത്തിന്‍റെ അനുഭവം  അടിവരയിട്ട്  തെളിയിക്കുന്നു.  

ENGLISH SUMMARY:

Monsoon alert for Kerala is imminent, with favorable conditions for the monsoon to arrive soon. The India Meteorological Department predicts that the monsoon season, which spans from June to September, will bring 80% of the country's annual rainfall, making timely preparedness crucial for mitigating potential risks.