ആലപ്പുഴയിലെ നവകേരള മർദനത്തിൽ പ്രതികളായ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്യും. പിണറായി വിജയന്റെ കൂടെ നിലവിലുള്ള ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരുടെ സസ്പെൻഷനാണ് ഉറപ്പായത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ചതിൽ പ്രതികളായ പൊലീസുകാര്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്ന് എസ്ഐടി കണ്ടെത്തി. ഇക്കാര്യം അന്വേഷണ സംഘത്തലവനായ എസ്.പി എ.പി.ഷൗക്കത്തലി ഡിജിപിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ നടപടി ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകും. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. സസ്പെൻഷന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും പരിഗണനയിലാണ്.

അതേസമയം, നവകേരളസദസിന്‍റെ സമാപനദിവസം കരിങ്കൊടി കാണിച്ച പ്രവര്‍ത്തകന്റെ കാലിലൂടെ അകമ്പടിവാഹനത്തിന്‍റെ ടയര്‍ കയറ്റിയ സംഭവത്തില്‍, നിയമപോരാട്ടത്തിനൊരുങ്ങി പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. മുഖ്യമന്ത്രി ഇടപെട്ട് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആന്‍സലദാസ് ആവശ്യപ്പെട്ടു. ആലപ്പുഴ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആന്‍സലദാസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

2023-ഡിസംബര്‍ 22 ന് നവകേരളാ സദസിന്‍റെ സമാപനദിവസം  കാട്ടാക്കട മാര്‍ക്കറ്റ് റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്. ബ്ളോക്ക് ജനറല്‍ സെക്രട്ടറി മാറനല്ലൂര്‍ സ്വദേശി ആന്‍സലദാസിന്‍റെ കാലിലേക്ക് അകമ്പടിവാഹനം ഇടിച്ച് കയറ്റിയാണ് അന്ന് പോലീസ് പ്രതിരോധം തീര്‍ത്തത്.  വീണുകിടന്ന ആന്‍സലദാസിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു.  തുടര്‍ന്ന് വലതുകാലിന്‍റെ എല്ല് പുറത്ത് വന്ന് ശസ്ത്രക്രിയക്ക് വിധേയനായ ആന്‍സലദാസ് 6 മാസമാണ് ജോലിക്ക് പോകാനാകാതെ കിടപ്പിലായത്.  പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ആന്‍സലദാസ് ആവശ്യപ്പെടുന്നത്. അന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനുള്‍പ്പെടെ പാര്‍ട്ടി പിന്തുണയുമായെത്തിയിരുന്നു. ലക്ഷങ്ങളുടെ ചികിത്സക്ക് ശേഷവും പരിക്ക് ഇപ്പോഴും അലട്ടുന്നു.  

ENGLISH SUMMARY:

Five police officers, including former Chief Minister Pinarayi Vijayan’s official gunman Anil Kumar, are set to be suspended for launching a brutal assault on Youth Congress workers during the Navakerala Sadas rallies. A Special Investigation Team (SIT) led by SP A.P. Shaukathali found that the accused personnel committed severe service rule violations, and a formal recommendation for their suspension and potential subsequent arrest will be submitted to the DGP shortly. In a parallel development, Congress worker Ansaladas is mounting a fresh legal battle regarding a related incident from December 22, 2023, where a security escort vehicle intentionally ran over his leg during a black-flag protest in Kattakkada. Ansaladas, who suffered compound fractures that left him bedridden for six months and incurred massive medical expenses, has demanded that the current administration intervene to hold the guilty officers accountable. Despite past police reports flatly denying that the escort vehicle pinning took place, the ongoing disciplinary cleanup against high-handed VIP security officers has given renewed momentum to the victim's fight for justice.