മലയിടംതുരുത്തിലെ തിടുക്കത്തിലുള്ള പൊലീസ് നടപടിയിൽ സംശയമുണ്ടെന്ന് മന്ത്രി കെ.എ.തുളസി. പുതിയ സർക്കാരിന് എതിരെ തുടക്കത്തിലേ ജനവികാരം തിരിച്ചുവിടാൻ ശ്രമം നടന്നോ എന്ന് സംശയിക്കുന്നു. മുൻ മന്ത്രിമാരുടെ പ്രതികരണങ്ങൾ അതിന്റെ സൂചനയാണ്. ഭരണത്തിൽ ഇരുന്നപ്പോൾ പ്രശ്നത്തിന് പരിഹാരം കാണാതിരുന്ന സി.പി.എം, ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ദലിത് കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കുമെന്നും മന്ത്രി തുളസി മനോരമ ന്യൂസിനോട് പറഞ്ഞു.
ഏഴ് തലമുറകളായി ഇവിടെ താമസിച്ചുവരുന്ന കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനുമുൻപ് പതിനാല് തവണ സമാനമായ രീതിയിൽ ഒഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം നടന്നത് പതിനഞ്ചാമത്തെ ശ്രമമാണ്. കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ഈ കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി തുളസി വ്യക്തമാക്കി.
ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്നും, കോടതി ഉത്തരവുകളും മറ്റ് കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മനുഷ്യത്വരഹിതമായ നടപടികളിലേക്ക് സർക്കാർ കടക്കില്ലെന്നും, ജനങ്ങളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുള്ള ഇടപെടലുകൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.