കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത മനോരമ ന്യൂസിനോട്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിട്ട് കണ്ട് നിവേദനം നല്‍കാനാണ് തീരുമാനം. മുഖ്യപ്രതിക്കെതിരെ മാത്രമല്ല, പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും വകുപ്പുതല നടപടി വേണമെന്ന് ആക്ഷന്‍ കമ്മറ്റിയും ആവശ്യപ്പെട്ടു.
2023 മാര്‍ച്ച് 18ന് തൈറോയഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവില്‍ വെച്ച് അറ്റന്ഡര്‍ എം.എം.ശശീന്ദ്രന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും ശശീന്ദ്രനെ സഹായിച്ചതിന് സ്ഥലം മാറ്റിയ അഞ്ചുജീവനക്കാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതിജീവിതയുടെ മൊഴി മാറ്റി എഴുതിയ ഡോക്ടര്‍മാരായ പ്രീതിക്കും ഫാത്തിമ ബാനുവിനുമെതിരെ വകുപ്പുതലനടപടിയെടുക്കണം.കഴിഞ്ഞസര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സ്വീകരിച്ചത്. ട്രൈബ്യൂണലിന് മുമ്പില്‍ സര്‍ക്കാര്‍, അനുകൂല നിലപാട് എടുത്തതാണ് പ്രതികള്‍ ജോലിയില്‍ തിരികെയെത്താന്‍ കാരണമെന്നും അതിജീവിത കുറ്റപ്പെടുത്തി. കേസ് കോടതിയിലാണെങ്കിലും വകുപ്പുതലത്തില്‍ ഡിഎംഇയുടെ നേതൃത്വത്തില്‍ പുതിയകമ്മിറ്റിയെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി.
പുതിയസര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിജീവിത. നടപടി ആവശ്യപ്പെട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണാനായി അതിജീവിത തിരുവനന്തപുരത്തേയ്ക്ക് തിരിക്കും.