പരിസ്ഥിതി സൗഹൃദ നോട്ടുബുക്കുകളുമായി കണ്‍സ്യൂമര്‍ ഫെഡ്. പൊതുവിപണിയേക്കാള്‍ ഇരുപതു മുതല്‍ അന്‍പതു ശതമാനം വരെ വിലക്കുറവിലാണ് വില്‍പന. കേരളത്തിലുടനീളം കണ്‍സ്യൂമര്‍ ഫെഡിന്‍റെ നേതൃത്വത്തില്‍ സ്റ്റുഡന്‍റ് മാര്‍ക്കറ്റ് തുടങ്ങി.
പഴയ കടലാസുകള്‍ ഉപയോഗിച്ച് നിര്‍മിച്ച നോട്ട് പുസ്തകങ്ങളാണിത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ നോട്ടുബുക്കുകള്‍. കുട്ടികളുടെ കാഴ്ചയ്ക്കിണങ്ങും വിധമാണ് രൂപകല്‍പന. ഇരുപത്തിമൂന്ന് രൂപ മുടക്കിയാല്‍ ഈ നോട്ടു ബുക്ക് കിട്ടും. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം കണ്‍സ്യൂമര്‍ ഫെഡിന്‍റെ സ്റ്റുഡന്‍റ് മാര്‍ക്കറ്റുകള്‍ കേരളത്തിലുടനീളം സജീവമാണ്. സഹകരണ സംഘങ്ങള്‍ മുഖേന കേരളമൊട്ടാകെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിലാണ് വില്‍പന. ബ്രാന്‍ഡഡ് കുടകളും മിതമായ നിരക്കില്‍ കിട്ടും. ബ്രാന്‍ഡഡ് കമ്പനികളുടെ കുടകളും ബാഗുകളും മികച്ച നിരക്കില്‍ ലഭ്യമാണ്.
നോട്ട് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വാങ്ങാന്‍ വിപണിയില്‍ നല്ല തിരക്കാണ്. കൊള്ളലാഭം ഉണ്ടാക്കി കീശ കാലിയാക്കുന്ന കച്ചവടക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കൂടിയാണ് ഇത്തരം സ്റ്റാളുകള്‍. പതിനേഴു മുതല്‍ നാല്‍പതു രൂപ വരെ നിരക്കിലുള്ള പുസ്തകങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്‍റ് മാര്‍ക്കറ്റിലുള്ളത്.