സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസിന്റെ സഹോദരന്‍റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്ന് മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിവ്‍ വ്യക്തമാക്കുന്നു.
'ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വസ്‌തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത് വാർത്തയുമാക്കി. പാർട്ടി നേതാക്കളെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങൾ.
മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ് എ വിജയരാഘവൻ. മതിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലിം മതതീവ്രവാദ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം'.- സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് വ്യക്തമാക്കി.