റിയാദില്‍ സ്‌പോണ്‍സറുടെ മകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഫൈനല്‍ എക്‌സിറ്റ് വീസ നേടാനായില്ല. ഇന്നലെ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ബലിപെരുന്നാള്‍ അവധി ഇന്ന് ആരംഭിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ തടവ് കാലയളവ് പൂര്‍ത്തിയായെന്ന് രേഖാമൂലം സ്ഥിരീകരിക്കുന്നതിന് 'എന്‍ഡ് ഓഫ് സെന്റന്‍സ് വെരിഫിക്കേഷന്‍' ജയില്‍ അധികൃതര്‍ തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായി എന്ന സര്‍ട്ടിഫിക്കറ്റ് പ്രിസണ്‍ ഡയറക്ടറേറ്റ് തയാറാക്കും. കൊല്ലപ്പെട്ട ബാലന്റെ കുടുംബം നല്‍കിയ മാപ്പ് കോടതി പരിശോധിച്ചതിന് ശേഷം മോചന ഉത്തരവ് റിയാദ് ഗവര്‍ണറേറ്റിന് കൈമാറും. സിവില്‍ കേസുകള്‍, സാമ്പത്തിക ബാധ്യതകള്‍, മറ്റ് പരാതികള്‍ എന്നിവ ഇല്ലെന്ന് ഗവര്‍ണറേറ്റ് ഉറപ്പുവരുത്തിയതിന് ശേഷം ജയിലില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും.
തുടര്‍ന്നാകും സൗദി എമിഗ്രേഷന്‍ വകുപ്പ് വിരലടയാളം ശേഖരിക്കുകയും ആജീവനാന്ത വിലക്കോടെ ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുകയും ചെയ്യുക. അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്നലെ രാത്രി 12ന് ആണ് അവസാനിച്ചത്. ബലിപെരുന്നാള്‍ അവധി നാളെ ആരംഭിക്കും. അതുകൊണ്ടുതന്നെ മോചനത്തിനുളള നടപടിക്രമങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്.