സംസ്ഥാനത്ത് പരക്കെ മഴ. നാലു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡൽഹിയിൽ ഉഷ്ണതരംഗം കടുക്കുന്നു. താപനില 46 ഡിഗ്രി സെല്‍സ്യസ് വരെ ഉയർന്നേക്കും. ഒരാഴ്ചത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനിടെ ഡൽഹിയിലെ താപനില 2 ഡിഗ്രിയാണ് വർധിച്ചത്. നിലവിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി വരെയായി ഉയർന്നിട്ടുണ്ട്.
ഈ സീസണിൽ സാധാരണ രേഖപ്പെടുത്താറുള്ളതിനേക്കാൾ 5 ഡിഗ്രി കൂടുതലാണിത്. തുടർച്ചയായി കടുത്ത ചൂട് ഏൽക്കുന്നത് നിർജലീകരണം, സൂര്യാഘാതം, എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.