മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി.സരിന്‍. മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തപ്പോള്‍ പേരിനൊപ്പം ജാതിവാലും വന്നതിനെയാണ് സരിന്‍ പരിഹസിച്ചത്. 'ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചിയെ ജനങ്ങൾ DUDE എന്ന് വിളിച്ചപോലെ, ഇനി ‘മേനോൻ സാറേ’ എന്ന് വിളിക്കണം എന്നാകുമോ കവി ഉദ്ദേശിച്ചത് ?' എന്നാണ് പി.സരിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

മുഖ്യമന്ത്രി വി.ഡി സതീശന്‍ 'വടശേരി ദാമോദരൻ മേനോൻ സതീശൻ' എന്നു പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സതീശന്‍റെ പേരില്‍ ഇതുവരെയില്ലാത്ത ജാതിവാല്‍ എവിടെ നിന്നാണ് വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ടായിരുന്നു. സതീശന്‍ മുഴുവന്‍ പേരു പറഞ്ഞതിലല്ല പ്രശ്നമെന്നും ഇത്രകാലം ഇല്ലാത്ത മേനോൻ ഇപ്പോൾ എവിടെ നിന്ന് വന്നു എന്നാണ് വിമര്‍ശനം. ഈ പേരിലല്ല മത്സരിച്ചതെന്നും എംഎൽഎയായിരുന്നപ്പോൾ സത്യപ്രതിജ്ഞ ചെയ്തതും ഈ പേരിലല്ലെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. 

ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണും വിമര്‍ശനമുന്നയിച്ചിരുന്നു. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്‍റോ ജോണ്‍ അതുമതി' എന്നാണ് കുറിപ്പ്. 

എന്നാല്‍ അച്ഛനമ്മമാരുടെ പേര് മാറ്റാന്‍ സാധിക്കുമോ എന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ ചോദ്യം. മാതാപിതാക്കൾ നൽകിയ പേരിനെ അവർ സ്വീകരിച്ചു. വി.ഡി. സതീശൻ മാത്രമാണോ സ്വന്തം പിതാവിന്‍റെ പേരു ഇനിഷ്യലായി ഉപയോഗിക്കുന്നത് എന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്.

ENGLISH SUMMARY:

CPIM leader P. Sarin has mocked Chief Minister V.D. Satheesan regarding the addition of a caste surname during his oath-taking. Social media discussions have arisen about the origin of this surname, which was not previously associated with Satheesan's public identity.