തീപിടിത്തമുണ്ടായ തിരുവനന്തപുരം – ഡൽഹി രാജധാനി എക്സ്പ്രസിലുണ്ടായിരുന്ന മലയാളി സൈനികന്‍ ദുരന്തത്തെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചു. പഞ്ചാബിൽ സൈനിക ഉദ്യോഗസ്ഥനായ കൊല്ലം ചവറ സ്വദേശി എം.അഭിലാഷ് തീപിടിത്തമുണ്ടായ ബി–വണ്‍ കോച്ചിലാണു യാത്ര ചെയ്തിരുന്നത്.
സംഭവത്തെക്കുറിച്ച് അഭിലാഷ് പറയുന്നു– ‘കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നത്. കോച്ചിലാകെ പുക. ഫോൺ മാത്രമെടുത്ത് ചെരിപ്പുപോലുമില്ലാതെ പുറത്തേക്കോടുമ്പോൾ ടോയ്‌ലറ്റിനടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിനെക്കണ്ടു. അതിനെയുമെടുത്ത് ചാടിയിറങ്ങി, നിമിഷങ്ങൾക്കകം കോച്ച് പൂർണമായും കത്തി. ചുറ്റും കൃഷിപ്പാടം. അഗ്നിക്ഷാസേനയെത്താൻ ഒന്നര മണിക്കൂറെടുത്തു. കോട്ട സ്റ്റേഷനിലെത്തിയശേഷം ഏതോ രാഷ്്ട്രീയ പാർട്ടിക്കാരെത്തി ഞങ്ങൾക്ക് ഓരോ ജോഡി ചെരിപ്പു വാങ്ങിത്തന്നു’
അതേസമയം തീപിടിത്തത്തിൽ ലഗേജ് പൂർണമായി നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും നല്‍കുന്നില്ലെന്ന് പരാതി ഉയരുന്നു. 5000 രൂപ വീതം നൽകി റെയിൽവേ പറഞ്ഞുവിട്ടെന്നാണ് പരാതി. മലയാളികളായ എം.അഭിലാഷ്, എ.അഭിജിത്ത്, മേരി സീന എന്നിവരടക്കം 35 പേർ സമീപ സ്റ്റേഷനായ രാജസ്ഥാനിലെ കോട്ടയിൽ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും അധികൃതർ ആവശ്യം ചെവിക്കൊണ്ടില്ല. പരാതികളും നാശനഷ്ടങ്ങളുടെ വിവരങ്ങളും റെയിൽവേയുടെ ഔദ്യോഗിക സൈറ്റിലൂടെ അറിയിക്കാനായിരുന്നു നിർദേശം.
ഡൽഹിയിലേക്കു പോവുകയായിരുന്ന തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽവച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിരുന്നില്ല.