കണ്ണൂർ അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. അമാൻ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. പ്രദേശത്ത് നടന്ന യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കി വന്ന പടക്കങ്ങൾ എടുത്ത് കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന ചെങ്കല്ലിന്റെ മുകളിൽ വച്ച് ഉഗ്രശേഷിയുള്ള ഗുണ്ട് മാതൃകയിലുള്ള പടക്കം പൊട്ടിക്കാൻ കുട്ടികൾ ശ്രമിക്കുകയായിരുന്നു.
പടക്കം പൊട്ടിത്തെറിച്ച് അമാന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയും വലിയ തോതിൽ രക്തം വാർന്ന് പോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. പടക്കം വച്ച ചെങ്കല്ലിന്റെ ചീളുകൾ തെറിച്ചാണ് ഇവർക്ക് പരുക്കേറ്റത്. പരുക്കേറ്റ കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. അമാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.