മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കാന്‍ വമ്പന്‍ വാഹനവ്യൂഹമോ നാട്ടുകാരുടെ വഴിതടഞ്ഞുള്ള ഗതാഗത ക്രമീകരണമോ വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വി.ഡി.സതീശന്‍ തുടങ്ങുന്നത്. അതേ മാതൃക മന്ത്രി വാഹനങ്ങളുടെ കാര്യത്തിലും തുടരുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം വി.ഡി.സതീശന്‍ യാത്ര ചെയ്യാന്‍ പോകുന്നത് പുത്തന്‍ കാറിലല്ല. മന്ത്രിയായിരിക്കെ വി.എന്‍.വാസവന്‍ ഉപയോഗിച്ച പഴയ കാറിലാണ്. ആ കാര്‍ അത്യാവശ്യം അറ്റകുറ്റപ്പണികളും സര്‍വീസിങ്ങുമൊക്കെ ചെയ്ത് വി.ഡി.സതീശന് വേണ്ടി ടൂറിസം വകുപ്പ് തയാറാക്കി. പുതിയ കാറുകള്‍ വേണ്ടെന്ന് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിയുടെ കാര്‍ മുഖ്യമന്ത്രിക്കായി തയാറാക്കിയത്.
എന്തുകൊണ്ട് വാസവന്‍റെ കാര്‍?
മന്ത്രിമാര്‍ക്കെല്ലാം വാഹനങ്ങള്‍ നല്‍കുന്നത് ടൂറിസം വകുപ്പാണ്. ടൂറിസം വകുപ്പിന്‍റെ കൈവശമുള്ള ഏറ്റവും പുതിയതും ഏറ്റവും കുറവ് ദൂരം സഞ്ചരിച്ചതും വി.എന്‍.വാസവന്‍റെ കൈവശമുള്ള കാറാണ്. മന്ത്രിയായിരിക്കെ അവസാനസമയത്താണ് വാസവന് ഈ കാര്‍ അനുവദിച്ചത്. എണ്ണായിരത്തോളം കിലോമീറ്റര്‍ മാത്രമേ അത് സഞ്ചരിച്ചിട്ടുള്ളു. ഏറ്റവും പുതിയതും അധികദൂരം ഓടാത്തതുമായ കാര്‍ എന്നതുകൊണ്ടാണ് മുഖ്യമന്ത്രി കാറെന്ന നിലയിലേക്ക് മുന്‍മന്ത്രി വാസവന്‍റെ കാറിന് പ്രമോഷന്‍ ലഭിച്ചത്
പിണറായിയുടെ കറുത്ത കാര്‍ എന്ത് ചെയ്യും?
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ സഞ്ചരിച്ചിരുന്നത് കറുത്ത കാറിലായിരുന്നു. മുഖ്യമന്ത്രിക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാനായി മൂന്ന് കറുത്ത കാറുകളാണ് വാങ്ങിയത്. ആ കാര്‍ വി.ഡി.സതീശന്‍ ഉപയോഗിക്കുന്നില്ല. അത് പൊലീസിന് തന്നെ തിരികെ നല്‍കി. തല്‍കാലം പൊലീസ് അത് മറ്റ് ആവശ്യത്തിനൊന്നും ഉപയോഗിക്കാതെ മാറ്റിയിരിക്കുകയാണ്.
മറ്റ് മന്ത്രിമാര്‍ക്ക് കാറുകള്‍ ഏതൊക്കെ ?
മുഖ്യമന്ത്രിയേപ്പോലെ മറ്റ് മന്ത്രിമാര്‍ക്കും പുതിയ കാര്‍ ഇല്ല. എല്‍.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ തന്നെയാണ് യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാരെയും കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ചതിന് പിന്നാലെ മന്ത്രിമാരെല്ലാം കാറുകള്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കിയിരുന്നു. ആ കാറുകള്‍ അറ്റകുറ്റപ്പണിയൊക്കെ നടത്തി പുതിയ മന്ത്രിമാര്‍ക്കായി തയാറാക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. സത്യപ്രതിഞ്ജ കഴിഞ്ഞാലുടന്‍ മന്ത്രിമാര്‍ ഈ കാറുകളിലേക്ക് മാറും. മന്ത്രിമാര്‍ക്ക് ഒന്നും മുഖ്യമന്ത്രിക്ക് രണ്ടും എന്ന രീതിയിലാണ് കാര്‍ അനുവദിക്കുന്നത്.