തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിനിലും അതിനോട് ചേർന്നുള്ള ബി വൺ കോച്ചിലുമാണ് തീ പടർന്നുപിടിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. 

 

തീപിടുത്തം ഉണ്ടായ വിവരം അറിഞ്ഞ ഉടൻ തന്നെ യാത്രക്കാർ ട്രെയിനിൽ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ ആളപായമില്ലെന്നാണ് റെയിൽവേ നൽകുന്ന പ്രാഥമിക വിവരം. തീപിടിച്ച ബോഗികൾ എൻജിനിൽ നിന്ന് വേർപെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തുവച്ചാണ് തീപിടുത്തമുണ്ടായത് എന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമായി. എന്നാൽ ബി വൺ കോച്ചിലുണ്ടായിരുന്ന യാത്രക്കാരുടെ ലഗേജുകൾ പൂർണമായും കത്തിനശിച്ചു. 

 

തീ പൂർണമായി അണച്ചശേഷം മറ്റ് കോച്ചുകളിലെ ലഗേജുകൾ യാത്രക്കാർക്ക് സുരക്ഷിതമായി കൈമാറാനാണ് റെയിൽവേയുടെ തീരുമാനം. വേനൽക്കാലത്തെ കടുത്ത ചൂടാണോ അതോ ഷോർട്ട് സർക്യൂട്ടാണോ അപകട കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയെന്നും പ്രദേശം തണുപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി പേർ സ്ഥിരമായി യാത്ര ചെയ്യുന്ന ട്രെയിനിലാണ് അപകടമുണ്ടായത്.

ENGLISH SUMMARY:

Rajdhani Express caught fire near Kota, Rajasthan, while en route from Trivandrum to Delhi. Fortunately, all passengers were safely evacuated, preventing any casualties, although luggage in one coach was lost.