മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി.ഡി.സതീശന് അഭിനന്ദനങ്ങളുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം.മണി. 'പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേരുന്നു,' എന്നാണ് മണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
മുന്‍പ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കവേ കോണ്‍ഗ്രസിനെ പരിഹസിച്ച് മണി രംഗത്തെത്തിയിരുന്നു. 'വോട്ട് ചെയ്തവരേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാ കേട്ടേ' എന്ന ട്രോള്‍ പങ്കുവച്ച് 'ഇനി വന്ന് വന്ന് UDF ന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?' എന്നാണ് മണി അന്ന് കുറിച്ചത്.
അതേസമയം നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. . കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശന്‍. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്‍റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.