വി.ഡി. സതീശനെ മുഖ്യമന്ത്രിയതിനെതിരെ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. അർഹമായ മുഖ്യമന്ത്രി പദവിയാണ് കെ.സി. വേണുഗോപാലിന് നഷ്ടമായതെന്ന് ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു കുറിപ്പില്‍ പറയുന്നു. കെ.സി. കോൺഗ്രസിലെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ച ആളാണ്. പാർട്ടിയോട് എന്നും വിധേയത്വം പുലർത്തിയ വ്യക്തിയാണ്. അങ്ങനെയൊരാളെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും തബു റാവു തുറന്നടിക്കുന്നു. 

ഭൂരിഭാഗം എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് കെ.സി.വേണുഗോപാല്‍ അവസാനനിമിഷം പിന്‍മാറിയത്. പാര്‍ട്ടിതീരുമാനം അംഗീകരിക്കുമ്പോഴും കെ.സി പരിഭവം മറച്ചുവച്ചില്ല. വേണുഗോപാല്‍ ഇനി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്നതിലും അനിശ്ചിതത്വമുണ്ട്. 

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഡല്‍ഹിയില്‍നിന്ന് കരുനീക്കങ്ങള്‍ നടത്തിയ കെ.സി.വേണുഗോപാലിന് ഒടുവില്‍ കേള്‍ക്കേണ്ടിവന്നതേറെയും ആക്ഷേപങ്ങളാണ്.  സ്ഥാനാര്‍ഥി നിര്‍ണയത്തിലും വിമതരെ പിന്തിരിപ്പിക്കുന്നതിലും പ്രചാരണത്തിന് സാമ്പത്തികം ഉറപ്പാക്കുന്നതിലും കെ.സി വഹിച്ച പങ്ക് വലുതാണ്.  പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ, യു.ഡി.എഫിന്‍റെ മിന്നുംവിജയത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി നീക്കം നടത്തിയതാണ് കെ.സിയെ പ്രതിനായകനാക്കിയത്.  

കൂടുതല്‍ എം.എല്‍.എമാരുടെയും എം.പിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു കെ.സിയുടെ പിന്‍ബലം.  തീരുമാനം നീണ്ടപ്പോള്‍ അവസാന നിമിഷം വരെയും കെ.സി പ്രതീക്ഷ തുടര്‍ന്നു.  എന്നാല്‍ കീഴ്‌വഴക്കം മറികടന്ന് രാഹുല്‍ ഗാന്ധി ജനവികാരം പരിഗണിച്ചപ്പോള്‍ കെ.സിക്കുമുന്നില്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള വാതിലടഞ്ഞു. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനവും വേണമെങ്കില്‍ വിട്ടുനല്‍കാമെന്ന വാക്കുകളില്‍ കെ.സിയുടെ പരിഭവം പ്രകടമായിരുന്നു. 

ENGLISH SUMMARY:

V.D. Satheesan's Chief Minister candidacy is being discussed following a poignant note from the wife of a Karnataka minister. The note suggests that KC Venugopal deserved the Chief Minister's post, highlighting his contributions to resolving party issues and his loyalty.