സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ ശിക്ഷ തീരാന്‍ ഇനി ഒരാഴ്ച്ച മാത്രം ബാക്കി. സ്പോണ്‍സറുടെ മകന്‍റെ മരണത്തിന് കാരണക്കാരനായെന്ന കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷയാണ് പൂര്‍ത്തിയാകുന്നത്. ഇതോടെ അവസാന സാങ്കേതിക തടസങ്ങള്‍ കൂടി തീര്‍ന്ന് റഹീമിന് അതിവേഗം കേരളത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് നാടും കുടുംബവും.
രണ്ട് പതിറ്റാണ്ടായുള്ള ഈ ഉമ്മയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഫറോക്ക് കോടമ്പുഴയിലെ സീനത്ത് മല്‍സിലിലേയ്ക്ക് മകനെ കൈപ്പിടിച്ച് കയറ്റാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. തൊട്ടടുത്ത പുതിയ വീട്ടിലാണ് ഇപ്പോള്‍ താമസമെങ്കിലും മകനോടൊപ്പമുള്ള നല്ലോര്‍മ്മകളുറങ്ങുന്ന ഈ വീട്ടിലേക്ക് ഇടയ്ക്കിടെ ഉമ്മയെത്തും. കൈവീശി യാത്ര പറഞ്ഞിറങ്ങിയ ആ മുറ്റത്തേയ്ക്ക് ചിരിച്ചുകൊണ്ട് കയറി വരുന്ന റഹീമിനെയോര്‍ക്കും. റിയാദിലെ ക്രിമിനല്‍ കോടതിവിധിച്ച ശിക്ഷയുടെ കാലാവധി ഈ മാസം 20നാണ് അവസാനിക്കുക.
സൗദി ബാലന്‍റെ മരണത്തില്‍ കാരണക്കാരനായ റഹീമിന്‍റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കോടതി റദ്ദാക്കിയത്. റഹീമിനായി മലയാളികള്‍ കൈകോര്‍ത്തതോടെ 34 കോടി രൂപ സ്വരൂപിച്ച് ദയാധനമായി നല്‍കി. ഇതോടെയാണ് മോചനത്തിലേയ്ക്കുള്ള വഴി തുറന്നത്.