സംസ്ഥാനത്തെ പൈനാപ്പിൾ മൊത്തവിപണിക്ക് കനത്ത തിരിച്ചടിയാവുകയാണ് പശ്ചിമേഷ്യൻ യുദ്ധം. കയറ്റുമതി കുത്തനെ കുറഞ്ഞതോടെ പ്രധാന കേന്ദ്രമായ വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിൾ കെട്ടിക്കിടക്കുകയാണ്. ആഭ്യന്തര വിപണിയിലെ സാഹചര്യവും അനുകൂലമല്ലാത്തതോടെ വിലയിടിവും കർഷകർക്കും, വ്യാപാരികൾക്കും തിരിച്ചടിയാവുകയാണ്. 

ഇത്തരമൊരു കാഴ്ച വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പതിവില്ല. എങ്ങും കൂട്ടിയിട്ടിരിക്കുന്ന പൈനാപ്പിൾ. സാധാരണയായി പൂനെ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് പ്രധാനമായി ഇവിടെനിന്നും പൈനാപ്പിൾ കയറ്റിയയക്കുന്നത്. മൊത്തവ്യാപാരികളും, ഇടനിലക്കാരും തോട്ടങ്ങളിലെത്തി നേരിട്ട് പൈനാപ്പിൾ കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ, കയറ്റുമതി കുത്തനെ കുറഞ്ഞതോടെ പൈനാപ്പിൾ എടുക്കാൻ ഭൂരിഭാഗം പേരും തോട്ടങ്ങളിലേക്ക് എത്തിയില്ല. ഇതോടെ വിളവെടുക്കുന്ന പൈനാപ്പിൾ നേരെ വാഴക്കുളം മാർക്കറ്റിലേക്കെത്തി. ഇങ്ങനെയാണ് വാഴക്കുളം മാർക്കറ്റ് പൈനാപ്പിൾ കൊണ്ട് നിറഞ്ഞത്

കേരളത്തിലേക്ക് സവാളയും പരിപ്പുമൊക്കെ എത്തിക്കുന്ന വാഹനങ്ങൾ തിരിച്ചു പോകുമ്പോൾ പൈനാപ്പിൾ കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികൾ തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് പോയതോടെ സവാളയുടെയും പരിപ്പിന്റെയും ഉപഭോഗം കുത്തനെ ഇടിഞ്ഞു. ലോഡുമായി ലോറികൾ വരാതായതോടെ പൈനാപ്പിൾ വ്യാപാരികൾക്കും അത് തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇക്കുറി വ്യാപാരം നടക്കുന്നത് എന്നതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്

 

ENGLISH SUMMARY:

The West Asia war has severely impacted Kerala's pineapple wholesale market, leading to a significant drop in exports. This has caused a pile-up of pineapples at the main Vazhakulam market, exacerbating the crisis for farmers and traders due to unfavorable domestic market conditions and falling prices.