സുകുമാര്‍ അഴീക്കോടിന്‍റെ പ്രസംഗത്തിലെ വിമര്‍ശനത്തിന് മൂര്‍ച്ചയാണ് പ്രത്യേകത. കാച്ചിക്കുറുക്കിയ വാക്കുകളുടെ ഘോഷയാത്ര. വിമര്‍ശനത്തിന്‍റെ ചൂടറിഞ്ഞവരില്‍ കൂടുതലും രാഷ്ട്രീയ നേതാക്കള്‍. മത,സാമുദായിക നേതാക്കളേയും വിറപ്പിച്ചിട്ടുണ്ട് അഴീക്കോട്. 1926 മേയ് പന്ത്രണ്ടിന് കണ്ണൂരിലെ അഴീക്കോടായിരുന്നു ജനനം. ആയുര്‍വേദമായിരുന്നു ഇഷ്ടപ്പെട്ട പഠനവിഷയം. പിന്നെ, മലയാളം അധ്യാപകനായി മാറി. സാംസ്കാരിക തലസ്ഥാനത്തോടായിരുന്നു പ്രിയം. താമസത്തിനായി ആദ്യം തിരഞ്ഞെടുത്തത് തൃശൂര്‍ വിയ്യൂരും. പുഴയെ ഇഷ്ടപ്പെട്ട അഴീക്കോട‌്, മണലിപ്പുഴയുടെ തീരത്ത് പുതിയ വീടുവച്ചു. ജീവിതാവസാനം വരെ എരവിമംഗലത്തെ പുഴയോരത്തുള്ള വീട്ടിലായിരുന്നു താമസം. ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ തത്വമസിയാണ് വീടിന്‍റെ പേരായി തിരഞ്ഞെടുത്തത്. സത്യസന്ധമായ നിലപാടുകളായിരുന്നു പ്രത്യേകത. അധ്യാപകനായി കാലിക്കറ്റ് സര്‍വകലാശാലായിരുന്നു ഔദ്യോഗിക ജീവിതം ചെലവിട്ടത്. കാലിക്കറ്റ് സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറായും കേന്ദ്ര, കേരള സാഹിത്യ അക്കാദമി ഭാരവാഹിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2012 ജനുവരി 24നാണ് അഴീക്കോടിന്‍റെ അന്ത്യം. വീട് പിന്നീട്, സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് പഠനകേന്ദ്രമാക്കി മാറ്റി.

ഇരുപതാം വയസില്‍ മഹാത്മാഗാന്ധിയെ കണ്ടത് ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്നായി അദ്ദേഹം കണ്ടു. ഗാന്ധിയനായ താന്‍ കോണ്‍ഗ്രസുകാരനായി മരിക്കാന്‍ ആഗ്രഹിച്ചു.പ ക്ഷേ, തനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചുപോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. പണ്ടുക്കാലത്ത് നാടു ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നത് അഴീക്കോടിന്‍റെ വിമര്‍ശനങ്ങളെയായിരുന്നു. മലയാളത്തിലെ സമഗ്രപഠനഗ്രന്ഥങ്ങളിലൊന്നായ ആശാന്‍റെ സീതാകാവ്യം ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. എഴുത്തച്ഛന്‍ പുരസ്ക്കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി ബഹുമതികള്‍, വയലാര്‍ അവാര്‍‍ഡ് തുടങ്ങി.... അഴീക്കോടിനെ ഒട്ടേറെ ആദരങ്ങള്‍ തേടിവന്നു. പ്രസംഗത്തിലെ ഗര്‍ജനം നിലച്ചെങ്കിലും അഴീക്കോടിന്‍റെ ഓര്‍മകള്‍ ഇപ്പോഴും അണയാതെ കേരള മനസിലുണ്ട്. 

ENGLISH SUMMARY:

Sukumar Azhikode was a renowned Kerala intellectual and critic known for his sharp speeches and concise words. He was an author and educator who significantly influenced Malayalam literature and public discourse.