മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ ആദിൽ സിറാജ്, ഫൗസാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ പാറമട പോലെയുള്ള വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം.
അപകടവിവരം അറിഞ്ഞയുടൻ തന്നെ പ്രദേശവാസികളും അടുത്ത ബന്ധുക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും കുട്ടികളെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് അതിവേഗം ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വേനലവധിക്കാലം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സമാനമായ രീതിയിൽ നിരവധി അപകടവാർത്തകളാണ് തുടർച്ചയായി പുറത്തുവരുന്നത്. അവധിക്കാലത്ത് കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. കുട്ടികൾ ജലാശയങ്ങളിലും അപകടസാധ്യതയുള്ള വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് തടയാൻ മുതിർന്നവർ കർശനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ENGLISH SUMMARY:
A tragic incident was reported from Pookkottur in Kerala’s Malappuram district where two young children drowned in a waterlogged quarry-like area. The victims, identified as cousins Adil Siraj and Fousan, were aged four and seven. Despite immediate rescue efforts by locals and relatives, the children could not be saved after being rushed to the hospital. The incident has once again raised concerns over child safety during the summer vacation season, as similar drowning accidents continue to be reported across the state. Authorities and parents are being urged to maintain strict vigilance around dangerous water bodies and abandoned quarry pits.