Untitled design - 1

നവകേരള യാത്രയിലെ മര്‍ദനക്കേസില്‍ പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കും. നിലവിലെ ആലപ്പുഴ എം.എല്‍.എ എ.ഡി തോമസ് ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ച കേസിലെ തുടരന്വേഷണത്തിനാണ് നീക്കം. മര്‍ദനത്തില്‍ വീഴ്ചയില്ലെന്ന നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ഉടന്‍ പരാതി നല്‍കുന്നതോടെ നടപടി തുടങ്ങാനാണ് ആലോചന. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്

 

മര്‍ദനമേറ്റവരുടെ പ്രതീകമായാണ് മല്‍സരിച്ചതെന്നും ആലപ്പുഴയുടെ വോട്ട് പൊലീസിന്റെ അതിക്രമത്തിനെതിരെയുമായിരുന്നെന്നും എ.ഡി തോമസ് മനോരമ ന്യൂസിനോടു പ്രതികരിച്ചു. നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മര്‍ദിച്ച ഗണ്‍മാന്‍മാരോട് വ്യക്തിപരമായ വിരോധമില്ല. നേരിട്ട് കണ്ടാല്‍ പരിചയം പുതുക്കുമെന്നും ചായകുടിക്കുമെന്നും എ.ഡി തോമസ് പറഞ്ഞു. 

 

മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടിവാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർത്തത് സംസ്ഥാനത്ത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2023  ലായിരുന്നു സംഭവം. കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തിൽനിന്നിറങ്ങി കെഎസ്‍യുക്കാരെ തല്ലാൻ മുന്നിൽനിന്ന ഗൺമാൻ, ഇടുക്കിയിൽ പത്ര ഫൊട്ടോഗ്രഫറുടെ കഴുത്തിനു പിടിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണു ഗൺമാന്റെ ചുമതലയെന്നിരിക്കെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിക്കഴിഞ്ഞ് എസ്കോർട്ട് വാഹനത്തിൽനിന്നു റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് എല്ലാ ചട്ടവും ലംഘിച്ചാണ്. അംഗരക്ഷകരുടെ ചെയ്തികളെ മുഖ്യമന്ത്രി ന്യായീകരിച്ചതു പ്രതിഷേധം ഇരട്ടിയാക്കി. 

 

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പിടിച്ചുവച്ചു തല്ലുമ്പോൾ വടിയുമായി ഗൺമാനുമുണ്ടായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കൽ പൊലീസ് നീക്കുന്നതിനിടെയാണ് ഗൺമാൻ കാറിൽനിന്നു വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയിൽ അടിച്ചത്. മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ടയാൾ പിന്നിലുള്ള കാറിൽനിന്നിറങ്ങിയാണ് അക്രമത്തിനു നേതൃത്വം നൽകിയത്. സന്ദീപ് ഉൾപ്പെടെ എസ്കോർട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരും മർദിക്കാൻ ഒപ്പം കൂടി.പൊലീസുകാർ സാധാരണ ഉപയോഗി‍‌‍ക്കുന്ന ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗൺമാൻ ഉപയോഗിച്ചത്. പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങൾ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ കൊണ്ടുനടക്കുന്നുവെന്ന ഗുരുതരമായ ചട്ടലംഘനവും ഇവിടെ സംഭവിച്ചു.

ENGLISH SUMMARY:

The Chief Minister's gunmen involved in the Nava Kerala Yatra assault case are likely to be suspended following a continued investigation into the attack on Alappuzha MLA AD Thomas and others. MLA AD Thomas plans to submit a complaint demanding the rejection of the current investigation report, which found no fault in the assault.