സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി നിയന്ത്രണവും രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി സിഎംഡി എന്നിവര്‍ പങ്കെടുത്തു. പ്രശ്നപരിഹാരത്തിന് ഉടന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുറമെ നിന്ന് ഉടന്‍ എത്ര വൈദ്യുതി വാങ്ങാനാവും? എത്രചെലവുവരും? റഗുലേറ്ററി കമ്മിഷനെ എത്രവേഗം സമീപിക്കാനാവും? എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.
പ്രശ്നപരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരും ആഴ്ചകളില്‍ ഇതുപോലെ ഒരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. കൃത്യമായ ആസൂത്രണം വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആത്മാർഥമായ ഇടപെടലില്ലെന്ന വിമർശനം ഉയരുമ്പോഴും മുൻ സർക്കാരിനെ വീണ്ടും കുറ്റപ്പെടുത്തുകയാണ് മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയിട്ടും മുന്‍ സര്‍ക്കാര്‍ ഇടപെട്ടില്ല, മുന്‍ വൈദ്യുതി മന്ത്രി പിഴവ് സമ്മതിക്കുന്നതില്‍ നന്ദിയുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി ഇടത് സർക്കാറിന്റെ വകയാണെന്നും 100 ദിവസം കൊണ്ട് പ്രതിസന്ധിയുണ്ടാക്കാനോ പരിഹാരം കാണാനോ സർക്കാരിന് കഴിയില്ലെന്നും മന്ത്രി എ.പി അനിൽകുമാറും പ്രതികരിച്ചു. പ്രതിസന്ധി, നിയന്ത്രണം എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നതിനപ്പുറം സർക്കാർ തലത്തിൽ മാനേജ്മെന്‍റ് സംവിധാനം വിപുലമാക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്.