സ്ത്രീകള്‍ക്കു സൗജന്യബസ് യാത്ര നല്‍കാനുള്ള യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. പദ്ധതി നടപ്പിലാക്കായല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലേതുപോലെ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഉത്തരവായി പുറത്തിറക്കാനാണു യു.ഡി.എഫ് ആലോചന. ഇതിനു മുന്നോടിയായിട്ടാണു കെ.എസ്.ആര്‍.ടി.ബസുകളിലെ യാത്രക്കാര്‍ സ്ത്രീയോ പുരുഷനോയെന്ന് ടിക്കറ്റില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെ ഉടക്ക്. പദ്ധതി നടപ്പിലാക്കിയാല്‍ വ്യവസായം തകരുമെന്നാണ് വാദം. യാത്രക്കാരില്‍ 70 ശതമാനം വരുന്ന സ്ത്രീകള്‍ സൗജന്യബസ് തേടി പോകുമെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാവണമെന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യത്തിലുണ്ട്.എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകളുള്ള മലബാറില്‍ കെ.എസ്.ആര്‍.ടി.സിയുടെ സാന്നിധ്യം ദീര്‍ഘദൂര–മലയോര സര്‍വീസുകളില്‍ ഒതുങ്ങി നില്‍ക്കുന്നതിനാല്‍ ബസ് വ്യവസായത്തെ വലിയ രീതിയില്‍ ബാധിച്ചേക്കില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.
കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്ര വാഗ്ദാനം സ്വകാര്യ ബസ് സർവിസ് മേഖലയെ സാരമായി ബാധിക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയാൽ, വിദ്യാർഥികൾക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സർവീസ് നടത്തേണ്ടി വരും. ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി കേരളത്തിൽ പൊതുഗതാഗതത്തിന് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. മലബാർ, മധ്യകേരളം തുടങ്ങിയ മേഖലകളിൽ സ്വകാര്യ ബസുകളാണ് യാത്രാസൗകര്യമൊരുക്കുന്നത്. നിലവിൽ സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ എഴുപത് ശതമാനവും സ്ത്രീകളാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയാൽ സ്വകാര്യ ബസുകളിൽ യാത്രക്കാരില്ലാത്ത അവസ്ഥയുണ്ടാകുമെന്നും, വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ മാത്രം സർവീസ് നടത്തേണ്ടി വരുമെന്നും ബസ് ഉടമകളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് മാസം കൂടുമ്പോൾ വലിയ തുക നികുതിയടച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ് വ്യവസായം ഇതോടെ പൂർണ്ണമായും തകരും. ഈ വിഷയത്തിൽ ബസ് ഉടമകളുമായി സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകണം. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ ബസ് പണിമുടക്ക് അടക്കമുള്ള കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ സമാനമായ ആവശ്യവുമായി രംഗത്തെത്തുമെന്നാണ് സൂചന.