സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില കുതിച്ചുയരുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിച്ചതോടെയാണ് ഹോട്ടലുടമകൾ ഭക്ഷണവിലയും വർധിപ്പിച്ചത്. ചായക്ക് 4 രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് ഹോട്ടലുടമകള്‍ വര്‍ധിപ്പിച്ചത്. 12 രൂപയായിരുന്ന ചായക്ക് ഇനി 16 രൂപ നൽകണം. നാല് രൂപ മുതൽ 30 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വർധിപ്പിച്ചിരിക്കുന്നത്.
പാചകവാതകത്തിൽ തയ്യാറാക്കുന്ന ഊണിന്റെ വില 90ല്‍ നിന്ന് 120 രൂപയിലേക്ക് കടന്നു. ഒരു ഉഴുന്നുവട കഴിക്കണമെങ്കിൽ പോലും ഇനി 15 രൂപ നൽകണം. പൊറോട്ടയുടെയും ചപ്പാത്തിയുടെയും വില നേരത്തെ വർധിപ്പിച്ചതിനാൽ ഇത്തവണ മാറ്റമില്ല. എന്നാൽ ചിക്കൻ, ബീഫ്, മീൻ വിഭവങ്ങളുടെ വിലയിൽ നേരിയ വർധനയുണ്ട്.
പാചകവാതകത്തിന്റെ വില ഇരട്ടിയായതോടെ പിടിച്ചുനിൽക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. നിത്യക്കൂലിക്ക് ജോലി ചെയ്യുന്നവരും നഗരങ്ങളിൽ തങ്ങി ജോലി ചെയ്യുന്നവരും ഭക്ഷണത്തിനായി വലിയൊരു തുക അധികമായി കണ്ടെത്തേണ്ടി വരും. പാചകവാതകത്തിന്റെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ഹോട്ടലുകൾ വരും ദിവസങ്ങളിൽ വില വർധനവിലേക്ക് നീങ്ങാനാണ് സാധ്യത.