ഫുട്ബോളിലെ തന്റെ അവസാന വര്‍ഷം ഇതായേക്കാമെന്നും ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതിയുണ്ടെന്നും പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം
‘ ഭാവിയെക്കുറിച്ച് എനിക്ക് വ്യക്തമായ പദ്ധതികളുണ്ട്. പല കാര്യങ്ങളിലും എനിക്ക് തിരക്ക് തന്നെയാകും. അതുകൊണ്ട് ഒരു കാര്യം മാത്രമായി പറയുക ബുദ്ധിമുട്ടാണ്. ഫുട്ബോൾ ജീവിതത്തിൽനിന്ന് ഒഴിഞ്ഞുപോകുമ്പോൾ വലിയൊരു ശൂന്യത അനുഭവപ്പെടാം. അതിനാൽ ഒരൊറ്റ കാര്യത്തിലല്ല, വിവിധ കാര്യങ്ങളിലായി സമയം ചെലവഴിക്കേണ്ടിവരും. ജീവിതം കൂടുതൽ ആസ്വദിക്കണം, കൂടുതൽ യാത്ര ചെയ്യണം, എനിക്ക് ഏറെ ഇഷ്ടമുള്ള പാഡൽ കാണുകയും കളിക്കുകയും വേണം. ഒപ്പം ഞാൻ നേടിയതും ഞങ്ങൾ നേടിയതും ആസ്വദിച്ച് തുടരണം. കാരണം 25 വർഷം ഒരുപാട് ത്യാഗങ്ങളോടെയാണ് കടന്നുപോയത്," റൊണാൾഡോ കൂട്ടിച്ചേര്‍ത്തു.
പ്രഫഷനൽ ഫുട്ബോളിൽ 1,000 ഗോൾ എന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോ തന്റെ സീനിയർ കരിയറിലെ 24-ാം സീസണിലാണ്. നിലവിൽ 976 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസറിനായാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടിയവരിൽ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ ലോകത്തിലെ മികച്ച താരങ്ങളിലൊരാളായി ഉയർന്ന റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലായിരുന്നു. മാഡ്രിഡിൽ ഒമ്പത് വർഷം നീണ്ട കാലയളവിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളിൽ നാലും അദ്ദേഹം സ്വന്തമാക്കി. ദീർഘകാല കാമുകിയായ ജോർജിന റോഡ്രിഗസിനെ കഴിഞ്ഞ ആഴ്ച വിവാഹം കഴിച്ചിരുന്നു.
പോർച്ചുഗലിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിനും റൊണാൾഡോ നേതൃത്വം നൽകി. 2016ലെ യൂറോ കപ്പിൽ പോർച്ചുഗലിനെ ക്യാപ്റ്റനായി നയിച്ച് രാജ്യത്തിന്റെ ആദ്യ പ്രധാന അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയ താരം പിന്നീട് രണ്ട് തവണ നേഷൻസ് ലീഗ് കിരീടവും പോർച്ചുഗലിനായി നേടി.