കഴിഞ്ഞ രണ്ടു ദിവസമായി നൂറുകണക്കിന് ഫോൺ കോളുകളും രണ്ടായിരത്തി അഞ്ഞൂറിലേറെ മെസ്സേജുകളും തന്‍റെ ഫോണിലേക്ക് വന്നിട്ടുണ്ടെന്നും, അതുകൊണ്ട് ചിലരെയെങ്കിലും തിരികെ ബന്ധപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും ചവറയില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍.  എല്ലാവരെയും തിരിച്ചു വിളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നതിലേറെയാണ് വരുന്ന കോളുകളുടെയും മെസ്സേജുകളുടെയും ബാഹുല്യം. പ്രായോഗിക ബുദ്ധിമുട്ട് പ്രിയപ്പെട്ടവർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

'എനിക്ക് വരുന്ന ഫോൺ കോളുകളൊക്കെ അറ്റന്‍ഡ് ചെയ്യുകയും ഏതെങ്കിലും അവസരത്തിൽ എടുക്കാൻ കഴിയാതെ പോകുന്നത് തിരിച്ചു വിളിക്കുകയും ഫോണിൽ വരുന്ന മെസ്സേജുകൾക്ക് കൃത്യമായി റിപ്ലൈ നൽകുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി നൂറുകണക്കിന് ഫോൺ കോളുകളും രണ്ടായിരത്തി അഞ്ഞൂറിലേറെ മെസ്സേജുകളുമാണ് എന്റെ ഫോണിലേക്ക് വന്നിട്ടുള്ളത്. ഓരോ മിനിറ്റുകൾ ഇടവിട്ട് കോളുകൾ വരുന്നതിനാൽ വിളിക്കാൻ ശ്രമിച്ച ചിലർക്കെങ്കിലും കോൾ കണക്ട് ആയിട്ടുമുണ്ടാവില്ല. 

നിങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹവും ഈ വിജയത്തിലുള്ള ആഹ്ലാദവും ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ മെസ്സേജുകളും കോളുകളും ഞാൻ കാണുന്നുണ്ട്. എന്നാൽ എല്ലാവരെയും തിരിച്ചു വിളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നതിലേറെയാണ് വരുന്ന കോളുകളുടെയും മെസ്സേജുകളുടെയും ബാഹുല്യം. പ്രായോഗിക ബുദ്ധിമുട്ട് എന്റെ പ്രിയപ്പെട്ടവർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ആര്‍എസ്പി ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 2014-ൽ ഞാൻ മുൻകൈയെടുത്ത് പാർട്ടി ഒന്നാകുമ്പോൾ രണ്ടു വിഭാഗങ്ങളിലുമായി 3 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇന്ന് പാർട്ടിക്ക് 4 എംഎല്‍എമാരും ഒരു എംപിയുമുണ്ടെന്നത് ഏറെ അഭിമാനകരമാണ്. നഷ്ടപ്പെട്ടുപോയ നല്ല കാലങ്ങളെ തിരിച്ചുപിടിക്കാൻ ആര്‍എസ്പിയ്ക്ക് ഇക്കാലയളവിൽ സാധിച്ചിരിക്കുന്നു. 

എന്നാൽ കഴിഞ്ഞ 10 വർഷത്തെ പ്രസ്ഥാനത്തിന്റെ പ്രയാണം ഒട്ടും എളുപ്പമായിരുന്നില്ല. തുടർച്ചയായ രണ്ട് പരാജയങ്ങൾ ഒട്ടേറെ അധിക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കും  ഇടയാക്കി. എന്നാൽ ഒരു ദശാബ്ദക്കാലം ഒരു എംഎല്‍എ പോലുമില്ലാതെ അധികാരത്തിനു പുറത്തിരുന്നിട്ടും പാർട്ടിയിൽ നിന്നും കൊള്ളാവുന്ന ഒരാൾ പോലും വിട്ടുപോയില്ല എന്നുള്ളത് ഈ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിന്റെ അടയാളമാണ്. അതുതന്നെയായിരുന്നു എനിക്ക് പ്രവർത്തിക്കാനുള്ള ഊർജവും. 

ആര്‍എസ്പി തകർന്നു പോകരുത് എന്നുള്ളത് ഈ തെരഞ്ഞെടുപ്പിൽ പൊതുവായി കണ്ട വികാരമായിരുന്നു. ഏതെങ്കിലുമൊരു കാലത്ത് ആര്‍എസ്പിയുമായി സഹകരിച്ചിരുന്ന മുഴുവൻ പേരും, ആര്‍എസ്പി ഈ മണ്ണിൽ അവസാനിക്കേണ്ട പാർട്ടിയല്ല എന്ന ബോധ്യത്തോടെ ഇത്തവണ പ്രവർത്തനരംഗത്ത് സജീവമായിരുന്നു. അതിന്റെ കൂടി ഭാഗമാണ് ഈ വിജയം. 

രണ്ടു പരാജയങ്ങളുടെ നാണക്കേടും അഹങ്കാരിയെന്നും തലക്കനമുള്ള ആളെന്നുമൊക്കെയുള്ള കുപ്രചരണങ്ങളും തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ എന്റെ മുന്നിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. ടിപ്പിക്കൽ ഫ്രെയിമിലുള്ള ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കണോ അതോ, ഞാൻ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയുന്ന കാലത്തിനായി കാത്തിരിക്കണമോ?. ദുഷ്കരമായ രണ്ടാമത്തെ വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. ഇക്കാലയളവിൽ പല പേരുകളും എന്റെ മേൽ ചാർത്തപ്പെട്ടു. 'ഞാനിപ്പോഴും ഒരു രാഷ്ട്രീയക്കാരനായിട്ടില്ലെന്നും ഒരു ബിസിനസുകാരനാണെന്നുമൊക്കെ' വരുത്തിതീർക്കാൻ ചിലരൊക്കെ ശ്രമിച്ചു. എനിക്ക് അവരോട് പറയാനുള്ളത്, ഞാനൊരു രാഷ്ട്രീയക്കാരനാണ്. എന്നാൽ, രാഷ്ട്രീയത്തെ ബിസിനസ് ആക്കുന്ന കപടമുഖവുമായി ജീവിക്കുന്ന ആളല്ല. ഇനി ആവുകയുമില്ല. ഇനിയുള്ള കാലവും ഞാൻ ഞാനായി തന്നെയിരിക്കും. അതോടൊപ്പം, രാഷ്ട്രീയത്തെ കച്ചവടമാക്കുന്നവർക്കെതിരെയുള്ള പോരാട്ടം തുടരുകയും ചെയ്യും'. – അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Shibu Baby John, the victorious UDF candidate from Chavara, has communicated his gratitude and the overwhelming response he's received following his election win. He expressed his inability to respond to all the hundreds of phone calls and thousands of messages due to their sheer volume, seeking understanding from his supporters for this practical difficulty.