വയനാട് മാനന്തവാടിയിൽ പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മാനന്തവാടി പുതുശ്ശേരി സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സുനിലിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് മരണകാരണം പാമ്പ് കടിയേറ്റാണെന്നും വിഷം കൂടിയ പാമ്പ് ആണ് കടിച്ചതെന്നും അറിയുന്നത്. വീടിന്‍റെ സമീപ പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

അതേസമയം, കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 77കാരി നാരായണിയാണ് ഇന്നലെ രാത്രി മരിച്ചത്. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞമാസം 26ന് വൈകീട്ട് വീടിന്റെ പിറകുവശത്ത് ചകിരി നിറച്ച ചാക്ക് മാറ്റുന്നതിനിടെ ശംഖുവരയൻ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു.

ചേര്‍ത്തല കോടതിയിലെ മജിസ്ട്രേറ്റിനും പാമ്പുകടിയേറ്റു. റോവിന്‍ റോഡ്രിഗ്സിനെയാണ് പാമ്പുകടിച്ചത്. നിലവില്‍ എറണാകുളത്ത് ചികില്‍സയിലാണ്. കടിച്ചത് വിഷപാമ്പല്ലെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ തിരുവനന്തപുരം വിതുര സർക്കാർ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പാമ്പിനെ കണ്ടെത്തി. രാവിലെ ജീവനക്കാരാണ് പടിക്ക് സമീപം പാമ്പിനെ കണ്ടെത്തിയത്. പൊത്തിൽ കയറിയതോടെ ജീവനക്കാർ പഞ്ഞിവെച്ച് അടച്ചു. വനം വകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടിം എത്തി പാമ്പിനെ പിടികൂടി. കൂടുതൽ എണ്ണമുണ്ടോ എന്ന് കണ്ടെത്താൻ പരിശോധന നടത്തിവരികയാണ്.

പത്തനംതിട്ട വടശേരിക്കരയില്‍ സ്‌കൂട്ടറിൽ കയറിക്കൂടിയ പാമ്പ് യാത്രയ്ക്കിടയിൽ യുവതിയെ കടിച്ചു. വയ്യാറ്റുപുഴ വല്യാട്ടുപറമ്പിൽ സോനു തോമസിനാണ്  കടിയേറ്റത്. ഇന്നലെയാണ് സംഭവം സ്വകാര്യ സ്‌കാനിങ് സെന്ററിൽ ജോലിക്ക് പോകുന്നതിനിടെ കയ്യിൽ എന്തോ കുത്തിയത് പോലെ തോന്നി. സ്‌കൂട്ടറിന്റെ മുന്നിലേക്ക് നോക്കിയപ്പോഴാണ് പാമ്പിന്റെ തല ഉയർന്നു വരുന്നത് കണ്ടത്. കയ്യിൽ നോക്കിയപ്പോൾ ചോര പൊടിയുന്നത് കണ്ടു. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയ ശേഷമാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണലിയാണെന്ന് നാട്ടുകാർ പറഞ്ഞതായി സോനു പറഞ്ഞു.

ENGLISH SUMMARY:

Fatal snakebite incidents reported in Mananthavady and Kannur. A magistrate in Cherthala and a woman on a scooter in Pathanamthitta also suffered bites. State on high alert as snakes are found in homes and hospitals.