വാണിജ്യ പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകള്‍ ഇന്ന് അടച്ചിടും. കൂള്‍ബാര്‍, ബേക്കറി, കന്റീന്‍ എന്നിവയും തുറക്കില്ല. ഓണ്‍ലൈന്‍ ഫുഡ് വിതരണവും നിര്‍ത്തിവെക്കും. വാണിജ്യ പാചകവാതകത്തിന് സബ്‌സിഡി അനുവദിക്കുക, ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രതിഷേധസൂചകമായി ഹോട്ടലുകള്‍ അടച്ചിടുന്നത്.
റോക്കറ്റ് വേഗത്തിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് വില ഉയരുമ്പോൾ തീ കെടുത്തി, ഹോട്ടൽ പൂട്ടി മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. ചായ കുറച്ച് കട്ടനിലേക്ക് മാറിയാലും വിലകൂടുമെന്ന കാര്യത്തിൽ ഉപഭോക്‌താക്കൾക്കും ചിന്ത തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വരവ് കുറഞ്ഞതായിരുന്നു ആദ്യ പ്രതിസന്ധി.
വില ഉയർന്നപ്പോൾ ഒട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരെ കുറയ്ക്കുന്നതും ഭക്ഷണ സാധനങ്ങളുടെ വില കൂട്ടുന്നതും ഗുണം ചെയ്യില്ലെന്നാണ് ഹോട്ടലുടമകളുടെ വിലയിരുത്തൽ. ഗ്യാസ് വില വർധനയില്‍ പ്രതിഷേധിച്ച് പാലക്കാട് ഹോട്ടല്‍ ജീവനക്കാര്‍ നഗരത്തില്‍ ഗ്യാസ് കുറ്റി സ്ട്രെക്ച്ചറില്‍ വച്ച് വലിച്ചുകൊണ്ട് പ്രതിഷേധിച്ചതും വാര്‍ത്തയായിരുന്നു.