ഭരണമാറ്റത്തിനുള്ള ജനവിധിക്ക് പിന്നാലെ കിഫ്ബി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ് കെ.എം.ഏബ്രഹാം. കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയനാണ് രാജിക്കത്ത് നല്‍കിയത്. അഡീഷണല്‍ സി.ഇ.ഒ മിനി ആന്‍റണി താല്‍ക്കാലിക ചുമതല വഹിക്കും. 2017ല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷമാണ് കെ.എം ഏബ്രഹാമിനെ കിഫ്ബി സി.ഇ.ഓ ആയി നിയമിച്ചത്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. രണ്ട് പദവികള്‍ക്കും സര്‍ക്കാരില്‍ നിന്നും വേതനം കൈപ്പറ്റുന്നതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

 

വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ കെ.എം.ഏബ്രഹാമിനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു.  ഹർജിയിൽ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.  2015ൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. എന്നാല്‍ പിന്നീട് എഫ്ഐആർ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസ് റജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

 

 കിഫ്ബി മസാല ബോണ്ട് ഇടപാടിൽ 466.91 കോടി രൂപ ചട്ടവിരുദ്ധമായി ചെലവഴിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ഐസക്, കെ.എം.ഏബ്രഹാം എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കാരണം കാണിക്കൽ നോട്ടിസ് അയച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിദേശത്തുനിന്ന് കടംവാങ്ങിയ പണം കൊണ്ട് കിഫ്ബി പദ്ധതികൾക്കു ഭൂമി വാങ്ങിയത് വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമാണെന്ന് ആരോപിച്ചായിരുന്നു കേസ്.

ENGLISH SUMMARY:

K M Abraham has resigned from his position as KIIFB CEO, submitting his resignation letter to the caretaker Chief Minister Pinarayi Vijayan. This move comes in the wake of the recent election results and follows previous criticisms and investigations related to his financial dealings and the KIIFB masala bond issue.