കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചതോടെ, വാക്കുകളിൽ തളരാതെ, പ്രതിസന്ധികളിൽ പതറാതെ, കേരളമെന്ന വികാരത്തെ നെഞ്ചോട് ചേർത്തുപിടിച്ച പത്തു വർഷങ്ങളാണ് കടന്നു പോയതെന്ന് ബിനീഷ് കോടിയേരി. ഒരു ഭരണാധികാരി എന്നതിലുപരി, ഓരോ മലയാളിക്കും തണലായി നിന്ന ആ ആത്മവിശ്വാസത്തിന്, ആ കരുതലിന് ഇന്ന് കേരളം സ്നേഹപൂർവ്വം നന്ദി പറയുകയാണെന്ന് പിണറായി വിജയനെപ്പറ്റി ബിനീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
'പ്രളയച്ചുഴികൾ നാടിനെ വിഴുങ്ങാൻ നോക്കിയപ്പോഴും, കാണാപ്പകയോടെ മഹാമാരികൾ പടിവാതിൽക്കൽ എത്തിയപ്പോഴും "ഭയപ്പെടേണ്ട, കൂടെയുണ്ട്" എന്ന് ഉറപ്പിച്ചു പറഞ്ഞ ആ വാക്കുകളായിരുന്നു ഞങ്ങളുടെ ധൈര്യം. ലോകത്തിനു മുന്നിൽ കേരളത്തെ അതിജീവനത്തിന്റെ മാതൃകയാക്കി മാറ്റിയ നിശ്ചയദാർഢ്യം!. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകി 'ലൈഫ്' പദ്ധതിയിലൂടെ ഒരു ജനതയുടെ ആത്മാഭിമാനത്തിന് കാവലായതിന്. ഭൂരഹിതർക്ക് മണ്ണും മനമില്ലാത്തവർക്ക് മേൽവിലാസവും നൽകി പടിയിറങ്ങുമ്പോൾ, ആ പുഞ്ചിരിയിൽ ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹമുണ്ട്.
പുതുജീവൻ തുടിക്കുന്ന പൊതുവിദ്യാഭ്യാസം!. അടച്ചുപൂട്ടാൻ ഒരുങ്ങിയ പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കി മാറ്റി, ഞങ്ങളുടെ കുട്ടികൾക്ക് ലോകനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കിയതിന്. വിശക്കുന്ന വയറോടെ ഒരു കുഞ്ഞും ക്ലാസ് മുറികളിൽ ഇരിക്കരുതെന്ന് നിർബന്ധബുദ്ധിയോടെ സൗജന്യ ഭക്ഷണവും പാഠപുസ്തകങ്ങളും നേരത്തെ എത്തിച്ചതിന്.
മതേതരത്വത്തിന്റെ കാവലാൾ!. വർഗ്ഗീയതയുടെ വിഷക്കാറ്റുകൾ കേരളത്തിന്റെ മണ്ണിലേക്ക് വീശിയപ്പോഴൊക്കെയും, അതിന് വഴങ്ങാതെ, മതേതരത്വത്തിന്റെ കോട്ടയായി ഉറച്ചുനിന്നതിന്. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരു രാഷ്ട്രീയ സംസ്കാരം കാത്തുസൂക്ഷിച്ചതിന്.
പറഞ്ഞ വാക്ക്, പാലിച്ച വികസനം! ഗെയിൽ പൈപ്പ് ലൈൻ മുതൽ മലയോര ഹൈവേയും ദേശീയപാത വികസനവും വരെ. നടക്കില്ലെന്ന് കരുതിയവയെല്ലാം നടപ്പിലാക്കി കാണിച്ച വികസന നായകൻ. ക്ഷേമ പെൻഷനുകളിലൂടെ പാവപ്പെട്ടവന്റെ അടുക്കളയിൽ വെളിച്ചമെത്തിച്ച കരുണയുടെ മുഖം.
ജനങ്ങളുടെ കണ്ണീരിനെ വിറ്റുണ്ണാൻ ആരെയും അനുവദിക്കാത്ത, പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തുപിടിച്ച പ്രിയ സഖാവേ. നിങ്ങൾ പടിയിറങ്ങുന്നത് കേരളത്തിന്റെ ഹൃദയത്തിലേക്കാണ്. പത്തു വർഷത്തെ ആ വിപ്ലവകരമായ പോരാട്ടത്തിന്, ആ കരുതലിന്, ആ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് നന്ദി'. – ബീനീഷ് കുറിച്ചു.