എല്ലാ വിജയങ്ങളെക്കാളും മാധുര്യമുണ്ട് ആദ്യ 5 റൗണ്ടുകളിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു നിർത്തിയ പ്രിയ സഹോദരൻ വിപി അബ്ദുൽ റഷീദിന്റെ പോരാട്ടവീര്യത്തിനെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ദീപ്തി മേരി വര്‍ഗീസ് .അക്ഷരാർത്ഥത്തിൽ പിണറായി വിജയൻ വെള്ളം കുടിക്കുകയായിരുന്നുവെന്നും, പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്ന എല്ലായിടങ്ങളിലും അബ്ദുൽ റഷീദ് മേധാവിത്വം നേടിയെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയൻറെ സ്വന്തം പഞ്ചായത്തിൽ വരെ കോൺഗ്രസിന്റെ യുവരക്തം ലീഡ് ചെയ്യുന്ന കാഴ്ച ഓരോ മലയാളികളെയും കോരിത്തരിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ട അബ്ദുൾ റഷീദ്, നിങ്ങൾ തോറ്റു പോയവൻ അല്ല, ഒറ്റയ്ക്ക് പടവെട്ടി എതിർപാളയത്തിന്റെ രാജാവിനെ മുൾമുനയിൽ നിർത്തിയ പോരാളിയാണ്. പിണറായി വിജയൻ പിന്നിൽ എന്ന വാർത്ത നൽകാൻ കാരണക്കാരനായി ചരിത്രം സൃഷ്ടിച്ച അബ്ദുൽ റഷീദിന് സ്നേഹാഭിവാദ്യങ്ങൾ. – ദീപ്തി മേരി വര്‍ഗീസ് കുറിച്ചു.
സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ ധര്‍മടത്ത് ഇക്കുറി എല്‍ഡിഎഫിന്‍റെ ക്യാപ്റ്റന്‍ നേരിട്ടത് കനത്ത മല്‍സരം തന്നെയായിരുന്നു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലം, സാക്ഷാല്‍ പിണറായി വിജയനെ നേരിടാന്‍ യുഡിഎഫ് രംഗത്തിറക്കിയത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ. 2021–ല്‍ സിപിഎം കോട്ടയായ തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്‍റെ ഭൂരിപക്ഷം പകുതിയോളം കുറച്ച വി.പി.അബ്ദുള്‍ റഷീദിനെ. കോണ്‍ഗ്രസിനും യുഡിഎഫിനും തെറ്റിയില്ല, മുന്‍പെങ്ങുമില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ഇക്കുറി ധര്‍മ്മടം സാക്ഷ്യം വഹിച്ചത്. ആദ്യ അഞ്ചു റൗണ്ടുകളില്‍ വോട്ടെണ്ണുമ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ പിന്നിലായിപ്പോയി.
കെ.സുധാകരൻ മുതൽ ഷാഫി പറമ്പിൽ വരെ, പിണറായി വിജയന്‍റെ തേരോട്ടം തടയാന്‍ കോണ്‍ഗ്രസ് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒടുവില്‍ നറുക്ക് വീണത് അബ്ദുല്‍ റഷീദിനാണ്. തളിപ്പറമ്പില്‍ റഷീദ് വിണ്ടും മല്‍സരത്തിനിറങ്ങുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും, സിപിഎം വിമതന്‍ ടി.കെ.ഗോവിന്ദന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ ആ സാധ്യത ഇല്ലാതായി. തളിപ്പറമ്പില്‍ അന്ന് തോറ്റെങ്കിലും ‘ജയന്റ് കില്ലർ’ ഇമേജ് നേടിയ റഷീദ് ഇത്തവണ ധര്‍മ്മടത്തും പോരാട്ടം ആവര്‍ത്തിച്ചു.
50,123 വോട്ടായിരുന്നു 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍റെ ഭൂരിപക്ഷം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് കുത്തനെ കുറച്ചുകൊണ്ടുവരാന്‍ യുഡിഎഫിനായി. കെ.സുധാകരനും എം.വി. ജയരാജനും മത്സരിച്ച 2024-ലെ തിരഞ്ഞെടുപ്പിൽ 2616 വോട്ട് മാത്രമാണ് മണ്ഡലത്തിൽ എൽഡിഎഫിന്‍റെ ലീഡ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള തിരഞ്ഞെടുപ്പാണെങ്കിലും ഇത് യുഡിഎഫിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.ആ കരുത്തില്‍ തന്നെയായിരുന്നു വി.പി.അബ്ദുല്‍ റഷീദിന്‍റെ പോരാട്ടവും.ഒടുവില്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭൂരിപക്ഷം 19247 വോട്ടാണ്. 2021 ല്‍ ഇത് 50,123 ആയിരുന്നു! ജയിക്കാനായില്ലെങ്കിലും ജയത്തോളം പോന്ന നേട്ടമാണ് കണ്ണൂരിലെ ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കുറി സ്വന്തമാക്കിയതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.