ഗ്യാസിന് വില കൂടുമ്പോൾ വിറക് അടുപ്പിലേക്ക് മാറുന്ന പാലക്കാട്ടെ കാറ്ററിങ് തൊഴിലാളികളെ കൊടും ചൂട് തളർത്തുകയാണ്. വിറകിന്‍റെ ചൂടും പുറത്തെ ചൂടും താങ്ങാൻ കഴിയാതെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ഈ മേഖല.

കൃത്യ സമയത്ത് പറഞ്ഞ അളവിൽ ഭക്ഷണം എത്തിക്കണം. ഗ്യാസിൻ്റെ വിലക്കയറ്റം ഒരു വശത്ത് നീറിപ്പുകയുമ്പോൾ വിറകടുപ്പിലേക്ക് വീണ്ടും തിരിയുകയാണ് കാറ്ററിങ്ങ് മേഖല. ഇന്ധന പ്രതിസന്ധി സമയത്ത് സജ്ജീകരിച്ച വിറക് അടുപ്പുകൾ ഇപ്പോളും ഉണ്ട്. എന്നാൽ വിറകടുപ്പിലെ ചൂടും പാലക്കാടൻ ചൂടും കൂടി ഇവർക്ക് താങ്ങാൻ കഴിയുന്നില്ല. കത്തുന്ന വെയിലും തീയും ചേർന്ന് വിയർത്തൊട്ടുകയാണ് കാറ്ററിങ്ങ് തൊഴിലാളികൾ. 

വാണിജ്യ സിലിണ്ടറുകൾക്ക് ആയിരം രൂപ ഒറ്റയടിക്ക് വർധിപ്പിച്ചതോടെ ഈ മേഖല പ്രതിസന്ധിയിലാണ്. വിറകായാലും ഗ്യാസ് ആയാലും നേരത്തെ പറഞ്ഞ് ഉറപ്പിച്ച വില വലിയ തോതിൽ വ്യത്യാസപ്പെടുത്തുമ്പോൾ അത് ഭക്ഷണം ഏൽപ്പിച്ചവർക്കും ബുദ്ധിമുട്ടാകും. വില കൂട്ടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പാലക്കാടൻ ചൂടിൽ വിറകടുപ്പിലും കാര്യങ്ങൾ കടുപ്പമാകുന്നതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കാറ്ററിങ് മേഖല.

ENGLISH SUMMARY:

Palakkad catering workers are struggling as gas prices surge, forcing them back to firewood stoves. The combination of intense heat from the firewood and the scorching Palakkad weather is proving unbearable for these essential service providers.