പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം. കെഎസ്ആര്‍ടിസി ജീവനക്കാർ പിന്തുടർന്നതോടെ ബസ് ഉപേക്ഷിച്ച് അജ്ഞാതൻ കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. കെഎസ്ആര്‍ടിസിയുടെ ഓർഡിനറി ബസ് ആണ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ബസ് കാണാതായ വിവരം അറിഞ്ഞ ജീവനക്കാർ തിരച്ചിൽ തുടങ്ങി. ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ഡിപ്പോയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി മംഗളം ടവേഴ്സ് പരിസരത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ടൗൺ വഴി ബസ് കുറേ ദൂരം കറങ്ങിയതായാണ് സൂചന.
ബസ് പലയിടത്തും ഇടിച്ചതിൻ്റെ കേടുപാടുകളുണ്ട്. പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അജ്ഞാത മോഷ്ടാവിനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.