രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയതിന് പിന്നാലെ ന്യായീകരണവുമായി കേന്ദ്രം. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം കുതിച്ചു കയറിയ ആഗോള ഊർജ വിലയുടെ പൂർണ്ണ ആഘാതത്തിൽ നിന്ന് ഇന്ത്യൻ കുടുംബങ്ങൾക്ക് നല്‍കുന്ന സംരക്ഷണം തുടരുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ അവകാശവാദം. ലോകത്ത് എല്‍പിജിക്ക് ഏറ്റവും വിലക്കുറവ് ഇന്ത്യയിലാണെന്നും അയൽരാജ്യങ്ങളിൽ ഉയർന്ന വിലയാണെന്നും കേന്ദ്രം പറയുന്നു. ഗാർഹിക എൽ‌പി‌ജി വില സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നും കേന്ദ്ര സർക്കാർ ആവര്‍ത്തിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലും ഹോർമുസ് കടലിടുക്കിലും ഉണ്ടായ തടസ്സങ്ങളെത്തുടർന്ന് രാജ്യാന്തര എൽപിജി വിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണമെന്ന് കേന്ദ്രം പറയുന്നു. ഫെബ്രുവരിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിന് മുമ്പ് സൗദി ബെഞ്ച്മാർക്ക് ടണ്ണിന് ഏകദേശം 542.5 യുഎസ് ഡോളറായിരുന്നുവെന്നും എന്നാല്‍ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെഇത് ഏപ്രിലിൽ ടണ്ണിന് 775 യുഎസ് ഡോളറായും ജൂണിൽ 790 യുഎസ് ഡോളറായും ഉയർന്നു. ഈ വർധന ഗാർഹിക സിലിണ്ടറിന്റെ വിതരണച്ചെലവും വര്‍ധിപ്പിച്ചതായി കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തരതലത്തിൽ വില കുത്തനെ ഉയർന്ന കാലയളവിലും ഈ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാതെ സർക്കാർ തന്നെയാണ് വഹിച്ചതെന്നും ഔദ്യോഗിക പ്രസ്താവനയിലുണ്ട്.

ഇപ്പോളും എൽപിജിയുടെ യഥാർഥ വിലയേക്കാൾ വളരെ കുറവാണ് കുടുംബങ്ങൾ നല്‍കുന്നത് എന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. നിലവിലെ വർദ്ധനവിന് ശേഷവും ഓരോ ഗാർഹിക സിലിണ്ടറിന്‍റെയും അണ്ടർ റിക്കവറി 700 രൂപയായി തുടരുന്നുവെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. നൂറുകണക്കിന് രൂപയുടെ അധികം ചെലവ് സർക്കാർ വഹിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഉജ്ജ്വല ഗുണഭോക്താക്കൾക്ക് നൽകുന്ന സബ്‌സിഡിയും പൊതുമേഖലാ എണ്ണക്കമ്പനികൾ സഹിക്കുന്ന നഷ്ടവും തമ്മിലുള്ള വ്യത്യാസവും കേന്ദ്രം വ്യക്തമാക്കി. ഉജ്ജ്വല ഗുണഭോക്താക്കൾക്ക് പ്രതിവർഷം ആദ്യത്തെ നാല് റീഫില്ലുകൾക്ക് സിലിണ്ടറൊന്നിന് 300 രൂപ വീതം സബ്‌സിഡി ലഭിക്കുന്നത് തുടരും. അതേസമയം, വിപണി നിരക്കിനേക്കാൾ കുറഞ്ഞ നിയന്ത്രിത വിലയുടെ പ്രയോജനം എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ലഭിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. ഒരു ഉജ്ജ്വല ഗുണഭോക്താവിന് സിലിണ്ടറിന് 642 രൂപയും, ഇതര ഉപഭോക്താക്കൾ 942 രൂപയുമാണ് നൽകേണ്ടി വരിക. ഫലത്തിൽ ഉജ്ജ്വല നിരക്ക് രാജ്യാന്തര വിലയേക്കാൾ 60 ശതമാനത്തോളവും, സാധാരണ നിരക്ക് 45 ശതമാനത്തോളവും കുറവാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ എൽപിജി വിലകള്‍ താരതമ്യം ചെയ്തും കണക്കുകള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം, ഉജ്ജ്വല ഗുണഭോക്താക്കളുടെ നിരക്കായ 642 രൂപ അയൽരാജ്യങ്ങളേക്കാൾ കുറവാണ്. പാകിസ്താനിൽ ഇത് 1,046 രൂപയും, നേപ്പാളിൽ 1,207 രൂപയും, ബംഗ്ലാദേശിൽ ഏകദേശം 1,225 രൂപയും, ശ്രീലങ്കയിൽ 1,241 രൂപയുമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ– അമേരിക്കയിൽ ഇത് 1,755 രൂപയും, ഓസ്‌ട്രേലിയയിൽ 1,765 രൂപയും, കാനഡയിൽ 2,411 രൂപയുമാണ്. സബ്‌സിഡിയില്ലാത്ത ഉപഭോക്താക്കൾ 942 രൂപയാണ് നൽകുന്നതെങ്കിലും, വിപണി അധിഷ്ഠിത വിലയേക്കാൾ ഏകദേശം 700 രൂപ കുറവാണ് അവർ ഇപ്പോഴും നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.

പ്രതിസന്ധികളില്‍ സ്വീകരിച്ച നടപടികളും കേന്ദ്രം വിശദീകരിച്ചു. ഇന്ത്യയിലെ എൽ.പി.ജി. ഉപഭോഗത്തിന്റെ 54 ശതമാനത്തോളവും ഹോർമുസ് വഴിയുള്ള ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കടുത്ത വെല്ലുവിളികൾക്കിടയിലും ഇന്ധന നീക്കം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് സർക്കാർ അവകാശപ്പെടുന്നു. ഹോർമുസിലെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ധന കാർഗോകളുടെ സുരക്ഷിതമായ നീക്കം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതായും രാജ്യത്ത് ഒരു പെട്രോളിയം ഉൽപ്പന്നത്തിനും ക്ഷാമം നേരിട്ടിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര എൽ.പി.ജി. ഉത്പാദനം 32 ടി.എം.ടി.യിൽ നിന്ന് 52 ടി.എം.ടി.യായി വർദ്ധിപ്പിച്ചു. കൂടാതെ അമേരിക്ക, കാനഡ, അൾജീരിയ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് പാചകവാതകം ലഭ്യമാക്കാനുള്ള സ്രോതസ്സുകൾ വിപുലീകരിക്കുകയും ചെയ്തു. ഗാർഹിക ഉപഭോക്താക്കൾക്കും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്കും എൽ.പി.ജി. വിതരണത്തിൽ മുൻഗണന നൽകിയതായും സർക്കാർ വ്യക്തമാക്കി.

ആഗോളതലത്തിൽ വില വർദ്ധനവിലെ വലിയൊരു പങ്ക് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ തന്നെയാണ് വഹിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഗാർഹിക എൽ.പി.ജി.യുടെ ആകെ അണ്ടർ റിക്കവറി (നഷ്ടം) 60,000 കോടി രൂപയായി ഉയർന്നു. തൊട്ടുമുമ്പത്തെ വർഷം ഇത് 41,338 കോടി രൂപയായിരുന്നു. ഈ നഷ്ടം നികത്തുന്നതിനായി എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. 10.58 കോടിയിലധികം കണക്ഷനുകളുള്ള ഉജ്ജ്വല സബ്‌സിഡിക്ക് പുറമെയാണ് കമ്പനികൾ നേരിടുന്ന ഈ അധിക ബാധ്യതയെന്നും സർക്കാർ അറിയിച്ചു. രാജ്യാന്തര വിപണിയിലെ വില വർദ്ധനവും ആഭ്യന്തര വിതരണച്ചെലവിലെ വര്‍ധനവും കണക്കിലെടുത്തുവേണം സാഹചര്യത്തെ വിലയിരുത്താനെന്നും കേന്ദ്രം പറയുന്നു. രാജ്യാന്തര വിലയില്‍ വലിയ അസ്ഥിരതയുണ്ടായിട്ടും, കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ പൗരന്മാർക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ പാചകവാതകം ഉറപ്പാക്കാൻ സര്‍ക്കാറിന് കഴിഞ്ഞെന്നുമുള്ള അവകാശവാദം പ്രസ്താവനയിലുണ്ട്.

ENGLISH SUMMARY:

The central government has structurally defended the ₹29 price hike on domestic LPG cylinders, claiming that Indian households remain fundamentally shielded from the full economic impact of the ongoing West Asian energy crisis. According to official statements, the disruption along the Strait of Hormuz caused the Saudi LPG benchmark to climb dynamically from $542.5 per ton to $790 per ton between February and June. Despite this external inflation, the government continues to absorb a structural under-recovery of ₹700 per cylinder to maintain the world's lowest retail pricing framework. Under this subsidized architecture, Ujjwala beneficiaries will continue paying ₹642 per cylinder while non-subsidized domestic consumers pay ₹942, rates that remain significantly lower than those in neighboring nations like Pakistan and developed economies like the US. To sustain national energy security, India expanded its supply footprint to includes imports from the US, Canada, and Algeria, while the Union Cabinet approved a ₹30,000 crore relief package to compensate state-run oil marketing companies for their accumulated operational losses.