തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചതിരിഞ്ഞ് പെയ്ത കനത്ത വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപരിസരത്താണ് കാറ്റ് വൻനാശം വിതച്ചത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പന്തലും അതിനു മുന്നിലെ സ്റ്റേജും കാറ്റിൽ തകർന്നു വീണു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഊട്ടുപുരയുടെ ഓടുകൾ കനത്ത കാറ്റിൽ തകർന്നു. ഉത്സവത്തിനെത്തിയ ഭക്തർ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. പന്തൽ തകർന്നു വീണെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തൃശൂർ ജനറൽ ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനൽ ചില്ലുകൾ കാറ്റിൽ വ്യാപകമായി തകർന്നു വീണു. ഇത് രോഗികൾക്കിടയിലും ജീവനക്കാർക്കിടയിലും പരിഭ്രാന്തി പരത്തി. ഉച്ചതിരിഞ്ഞ് നാല് മണിയോടെ ആരംഭിച്ച മഴയ്ക്കും കാറ്റിനുമൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലും ജനങ്ങളെ ഭീതിയിലാഴ്ത്തി.
ചേലക്കരയില്‍ മഴയ്ക്കിടെ നിയന്ത്രണം വിട്ട മരത്തടി കയറ്റിയ ടിപ്പർ ലോറി മറിഞ്ഞു. മാളയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞുവീണു. ഇവിടെയും വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നിലവിൽ മഴയും കാറ്റും ശാന്തമായിട്ടുണ്ടെങ്കിലും വൈദ്യുതി ബന്ധം പലയിടങ്ങളിലും തകരാറിലാണ്.