മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിൽ ഇന്ന് അതിജീവനത്തിന്‍റെ അടയാളമായി ഒരു വാകമരം പൂത്തുനിൽക്കുന്നുണ്ട്. ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂൾ കെട്ടിടത്തിനു സമീപം നഷ്ടസ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കഥ പറയുകയാണ് കടുംചുവപ്പിൽ പൂത്തുലഞ്ഞ ഈ മരം.

ഭൂമിയെ വിറപ്പിച്ച് അലറിപ്പാഞ്ഞെത്തിയ മലവെള്ളത്തിൽ ഒരു താഴ്‌വരം ശ്മശാനം ഭൂമിയായപ്പോൾ ജീവന്‍റെ തുടിപ്പുമായി പിടിച്ചുനിന്നത് ഈ വാകമരമായിരുന്നു. അന്ന് തകർന്നുപോയ കെട്ടിടങ്ങൾക്കും നഷ്ടപ്പെട്ട ജീവനുകൾക്കും സാക്ഷിയായി നിന്ന ഈ മരത്തിന് സംസാരശേഷിയുണ്ടായിരുന്നെങ്കിൽ തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ സങ്കടക്കഥകൾ പറയുമായിരുന്നു. സ്കൂൾ മുറ്റത്ത് ഓടിനടന്ന കുട്ടികളുടെ കളിചിരികളോ സ്നേഹത്തിന്‍റെയും കുഞ്ഞു സൗഹൃദങ്ങളുടെയും വർത്തമാനങ്ങളോ ഇന്നില്ല. എങ്കിലും, ആ ഓർമ്മകളെ നെഞ്ചിലേറ്റിക്കൊണ്ട് ഈ മരം വീണ്ടും തളിർത്തു.

ദുരന്തം പൊട്ടിവീണ മണ്ണിൽ വാക വേരുറപ്പിച്ചു. ദു:ഖം പേറിയാണെങ്കിലും ശാഖകൾ വളർന്നു. ഇന്ന് അത് കിഴക്കൻ കാറ്റിൽ സുഗന്ധം പേറുന്ന ഒത്ത മരമാണ്. ദുരന്തബാധിതർ തങ്ങളുടെ പഴയ മണ്ണിലേക്ക് തിരിച്ചെത്തുമ്പോൾ ആശ്വാസമായി ആദ്യം കണ്ണിൽ പതിയുന്നത് ഈ മരമാണ്. പലർക്കും ഇതൊരു മരമല്ല, നഷ്ടപ്പെട്ടവരുടെ നിഴലാണ്. ദുരന്തത്തിന്‍റെ ഇരുട്ടിൽ നിന്ന് പ്രതീക്ഷയുടെ പ്രകാശമായി ഈ വാകമരം ഇന്ന് ഒരു സ്മാരകമായി നിൽക്കുന്നു. ഇതിലെ ഓരോ പൂക്കളും കണ്ണീർ തുള്ളികളല്ല, മറിച്ച് പ്രതീക്ഷയുടെ ഇതളുകളാണ്. എത്ര വലിയ നാശത്തിനിടയിലും ജീവിതം വീണ്ടും തളിർക്കുമെന്നും പൂക്കുമെന്നും ഈ വാകമരം ലോകത്തോട് വിളിച്ചുപറയുന്നു.

The Flowering Flame of Hope:

Amidst the debris of the Mundakkai-Chooralmala landslide, a Gulmohar tree at Vellarmala School blooms in vibrant red, standing as a symbol of resilience. Surviving the catastrophic flood, this tree now serves as a living memorial for the lost lives and broken dreams of the valley, reminding the world that life find its way back even after the greatest tragedies.