സൗരോര്‍ജ ഉല്‍പാദനത്തില്‍ രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. പുരപ്പുറ സൗരോര്‍ജം പദ്ധതി, പി.എം.സുര്യഘര്‍ എന്നിവയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് സംഭരിച്ച് രാത്രികാലങ്ങളില്‍ ഉപയോഗിക്കാന്‍ പദ്ധതി രൂപീകരിച്ചിരുന്നു. എന്നാല്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനുപുറമെ ഈ സൗരോര്‍ജം ഫലപ്രദമായി ഉപയോഗിക്കുന്നതിലെ വീഴ്ചയും ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ലോ ടെന്‍ഷന്‍ ലൈനിലൂടെ തന്നെ വികേന്ദ്രീകൃതമായി ട്രാന്‍സ്ഫോര്‍മറുകളുടെ സമീപം വൈദ്യുതി ശേഖരിക്കുന്ന കമ്മ്യൂണിറ്റി എനര്‍ജി സ്റ്റോറേജ് സിസ്റ്റം അഥവാ സി– ബെസ് സംവിധാനമാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. തൃശൂരിലെ പെരിഞ്ഞനം പഞ്ചായത്തിനെ പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി നടപ്പായില്ലെന്ന് മാത്രമല്ല, പുരപ്പുറ സൗരോര്‍ജം, പി.എം. സൂര്യഘര്‍ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് 385 കോടിരൂപ ഇന്‍സെന്‍റീവ് ലഭിച്ചിട്ടും ജനത്തിന് അതിന്‍റെ പ്രയോജനവും ലഭിച്ചിട്ടില്ല.
അതേസമയം, വേനല്‍മഴയില്‍ ചൂട് അല്‍പം കുറഞ്ഞതിനാല്‍ വൈദ്യുതി നിയയന്ത്രണത്തിന്‍റെ തോത് കുറയുന്നുണ്ട്. കഴിഞ്ഞദിവസം റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര നിലയങ്ങളിൽ നിന്ന് അൺഷെഡ്യൂൾഡ് ആയി ലഭിച്ച 80 മെഗാവാട്ട് വൈദ്യുതിയും കിട്ടിയതോടെയാണിത്. രാത്രി പത്തരയ്ക്ക് ശേഷം മലബാർ മേഖലയിലെ ചുരുക്കം ചില പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. മധ്യ-തെക്കൻ കേരളത്തിൽ നിയന്ത്രണം വേണ്ടിവന്നിട്ടില്ല.