kerala-power-cut-protests

അപ്രഖ്യാപിത പവര്‍ക്കട്ടില്‍ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം. വൈദ്യുതി മുടങ്ങിയതോടെ തൃശൂര്‍ എരുമപ്പെട്ടിയിലെ കെഎസ്ഇബി കുണ്ടന്നൂര്‍ ഡിവിഷന്‍ ഓഫീസില്‍ സ്‍ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം ഉപഭോക്താക്കളാണ് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പ്രതിഷേധം പുലര്‍ച്ചെ 4 മണി വരെ നീണ്ടു. പലരും പായ വിരിച്ച് ഓഫീസിനുള്ളിലും പുറത്തും കിടന്ന് പ്രതിഷേധിച്ചു. 

പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയപ്പോള്‍ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രധാന ഫീഡറില്‍ തകരാര്‍ സംഭവിച്ചതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം ഇന്ന് പുലര്‍ച്ചെ  അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ്  എന്‍ജിനിയര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പിരിഞ്ഞു പോയി.

കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫിസിലും പ്രതിഷേധമുണ്ടായി. വൈദ്യുതി മുടങ്ങിയതോടെ പുലര്‍ച്ചെ രണ്ടുമണിക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ് എത്തുകയായിരുന്നു. നാദാപുരം സബസ്റ്റേഷനിലും പ്രതിഷേധമുണ്ടായി. മെഴുകുതിരി കത്തിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഇതിനിടെ സുരക്ഷ ആവശ്യപ്പെട്ട് ആലുവ കെഎസ്ഇബി ജീവനക്കാര്‍ പൊലീസിനെ സമീപിച്ചു. സാങ്കേതിക പ്രശ്നങ്ങളാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ ഓഫിസിലെത്തി കയ്യേറ്റം ചെയ്യുന്നു; അസഭ്യം പറയുന്നു. രാത്രി പൊലീസ് സുരക്ഷ നല്‍കണമെന്നും ജീവനക്കാര്‍. ആലുവ വെസ്റ്റ് സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് പൊലീസിൽ അപേക്ഷ നൽകിയത്.

അതേസമയം, സംസ്ഥാനത്ത് പവര്‍കട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി രംഗത്തെത്തി. ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണെന്നും വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മീഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് മന്ത്രിയുടെ പ്രതികരണം. അതേസമയം, 'ബാഗും തൂക്കിവന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നുവെന്നും വൈദ്യുതി പദ്ധതികള്‍ പലതും മുടക്കിയെന്ന് മന്ത്രി പറഞ്ഞു. ഇനി ട്രിപ്പാകില്ലെന്നും മന്ത്രി.

Unannounced Power Cuts Spark Protests Across Kerala:

Massive protests erupted at various KSEB offices in Kerala, including Thrissur and Kozhikode, as residents faced unannounced midnight power cuts amid extreme summer heat. In Erumappetty, nearly 100 consumers staged a sleep protest inside the KSEB office until 4 AM. Similarly, Youth League activists protested at the Panniyankara office in Kozhikode. Electricity Minister K. Krishnankutty has convened an emergency meeting with KSEB and Regulatory Commission officials today to address the ongoing procurement disputes and peak load management strategies.