nithin-investigation

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ വിദ്യാര്‍ഥി നിതന്‍ രാജിന്‍റെ മരണത്തിലെ അന്വേഷണം കൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയോട് പ്രത്യേകസംഘം രൂപീകരിക്കാന്‍ നിര്‍ദേശിച്ച് ഡി.ജി.പി ഉത്തരവിട്ടു. നിതിന്‍റെ കുടുംബം ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. 

കേസെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രധാന പ്രതിയായ അധ്യാപകന്‍ റാമിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് അന്വേഷണം കണ്ണൂര്‍ പൊലീസില്‍ നിന്ന് മാറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ ക്രൈംബ്രാഞ്ചിന് വിടാനുള്ള തീരുമാനം ഉള്‍പ്പടെ അന്വേഷണത്തിലെ ഒരു കാര്യങ്ങളും അറിയിക്കുന്നില്ലെന്ന് നിതിന്‍റെ കുടുംബം പരാതിപ്പെട്ടു. പൊലീസിന്‍റെ വീഴ്ച സമ്മതിച്ചതുകൊണ്ടാവാം അന്വേഷണം കൈമാറിയതെന്നും പ്രതികളെ രക്ഷപെടുത്താനുള്ള തന്ത്രമാണോയെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഹർത്താലും നടന്നിരുന്നു. ജാതി അധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിക്കുമ്പോൾ, ലോൺ ആപ്പുകളുടെ സമ്മർദ്ദമാണ് മരണകാരണമെന്ന് പൊലീസ് ഭാഗികമായി സംശയിക്കുന്നുണ്ട്. കേസിൽ കൂടുതൽ ശാസ്ത്രീയവും വിശദവുമായ അന്വേഷണം ആവശ്യമാണെന്നും, തിരഞ്ഞെടുപ്പ് സമയമായതിനാൽ ലോക്കൽ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ പരിമിതികളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളെ സംരക്ഷിക്കുന്നുവെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും വ്യാപകമായ ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. 

ENGLISH SUMMARY:

The investigation into the death of Kannur college student Nithin Raj has been handed over to the Kerala Crime Branch following widespread protests and allegations of caste-based harassment. The move comes after criticism over delays in arresting the accused teacher despite the rejection of anticipatory bail. Authorities stated that a more scientific and detailed investigation is necessary as questions continue to arise regarding the role of caste abuse, loan app pressure, and alleged lapses in the initial police probe. The decision was taken amid mounting public pressure and statewide demonstrations demanding justice.