സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ പരക്കെ വേനല്‍മഴയ്ക്കും സാധ്യത. നാലുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മറ്റു ജില്ലകളില ഇടത്തരം മഴക്കും സാധ്യതയുണ്ട്. മൂന്നാം തീയതിവരെ സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴ കിട്ടാനാണ് സാധ്യതയുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി, വെണ്‍കുറിഞ്ഞി എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായ മഴ കിട്ടിയത്. ഇവിടങ്ങളില്‍ ഒന്‍പതും ഏഴും സെന്‍റിമീറ്റര്‍വീതം മഴ ലഭിച്ചു.
കടുത്ത ചൂടും തുടരുകയാണ്. പാലക്കാട് 39.3 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. കൊല്ലത്ത് 37, തൃശൂരില്‍ 37.2 , കോഴിക്കോട് 37.9 ഡിഗ്രി സെല്‍സ്യസ് വീതം ചൂട് അനുഭവപ്പെട്ടു. വരുന്ന ഏതാനും ദിവസം കൂടി പകല്‍ താപനില മാറ്റമില്ലാതെ തുടരാനാണ് സാധ്യത. അതേസമയം, കാസര്‍കോട് കൗണ്‍സിലര്‍ക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്. ഉണ്ണിക്കൃഷ്ണന്‍ ചികില്‍സ തേടിയിട്ടുണ്ട്.
അതേസമയം, മലപ്പുറം കരിപ്പൂരില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചത് സൂര്യാഘാതം മൂലമെന്ന് സംശയം. പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.