സർവീസിൽ നിന്ന് വിരമിച്ച ശേഷവും കാറിൽ നക്ഷത്രം വച്ച് യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 250 രൂപയാണ് പിഴയിട്ടത്. ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിഴയിടല്‍ നടപടി.
സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചതാണ് വിവാദമായത്. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് ത്രീ സ്റ്റാർ ബോർഡ് കാണപ്പെട്ടത്. ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായിരുന്നു.
എന്നാൽ താന്‍ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോർഡ് മറച്ച നിലയിലായിരുന്നുവെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ബോർഡ് അഴിച്ചുമാറ്റാതിരുന്നത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോടായിരുന്നു റിപ്പോര്‍ട്ട് തേടിയത്. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉൾപ്പെടെ തീരുമാനിക്കും. അധികാര ചിഹ്‌നങ്ങൾ ദുരുപയോഗിക്കുന്നത് ആൾ മാറാട്ടത്തിന് തുല്യമെന്നാണ് പരാതി.