wayanad-doctor-misconduct-cat-bite

വയനാട് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി. ചീട്ട്  (ഒ.പി ടിക്കറ്റ്) ഡോക്ടര്‍ വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.

വീട്ടിലെ വളർത്തുപൂച്ച മാന്തിയതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഒ.പിയിൽ കാണിച്ചപ്പോൾ കുട്ടിക്ക് കുത്തിവയ്പ്പ് എടുക്കണമെന്നും അടുത്ത നാല് ദിവസം കൂടി വരണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ബാക്കി കുത്തിവയ്പ്പുകൾ വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് എടുക്കാൻ സാധിക്കുമോ എന്ന് സ്വാഭാവികമായി ചോദിച്ചപ്പോൾ ഡോക്ടർ പ്രകോപിതനാകുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

"ഞങ്ങൾ ഡോക്ടർമാരെല്ലാവരും കൂടി അങ്ങോട്ട് വന്ന് ചെയ്തേരാം" എന്നായിരുന്നു പരിഹാസത്തോടെയുള്ള മറുപടി. ഇത് ചോദ്യം ചെയ്തപ്പോൾ "വിഡ്ഢി ചോദ്യങ്ങൾ ചോദിക്കാൻ പാടുണ്ടോ" എന്ന് ആക്രോശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. കുട്ടിയുടെ മുറിവ് പരിശോധിക്കാൻ പോലും ഡോക്ടർ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചു.

തർക്കത്തിനൊടുവിൽ ഡോക്ടർ ഒ.പി കാർഡ് കീറിക്കളയുകയും ചികില്‍സ നൽകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. നൂറുകണക്കിന് രോഗികളെത്തുന്ന ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഈ 'ഈഗോ' കലർന്ന പെരുമാറ്റം കുടുംബത്തെ വലച്ചു. തുടർന്ന് ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മറ്റൊരു ഡോക്ടർ എത്തി കുട്ടിക്ക് ചികിത്സ നൽകിയത്. ഡോക്ടറുടെ പക്കൽ നിന്ന് നേരിട്ട മാനസിക വിഷമത്തിനും ചികില്‍സ നിഷേധത്തിനുമെതിരെ ആരോഗ്യ വകുപ്പിനും ആശുപത്രി അധികൃതർക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.  

ENGLISH SUMMARY:

Wayanad Kalpetta General Hospital faced a complaint of a doctor's misconduct towards a 9-year-old girl and her family after she sought treatment for a cat bite. The father alleged the doctor tore the OP ticket and denied treatment, leading to a distressing experience for the family.