അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രൻ (63) അന്തരിച്ചു. ഉദര സംബന്ധമായ അസുഖബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം. അമൃത ആശുപത്രിയിലെ പാതോളജി വിഭാഗം മേധാവി ഡോ.സീതാലക്ഷ്മി ആണ് ഭാര്യ. ഡോ. ശ്രുതി, സാന്ദ്ര എന്നിവർ മക്കളും.  ഡോ. വിഷ്ണു വാഴൂർ ആണ് മരുമകൻ. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ.

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പൊതുദർശനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ്‌ മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പുഷ്പചക്രം സമർപ്പിച്ചു. ഡോ. പവിത്രന്റെ വിയോഗം വൈദ്യശാസ്ത്ര സമൂഹത്തിന്, പ്രത്യേകിച്ച് അമൃത ആശുപത്രിക്ക് നികത്താനാവാത്ത നഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയിലെ സേവനത്തിലൂടെ ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനവും ചികില്‍സയും നല്‍കിയ ഡോ.പവിത്രന്‍ രാജ്യത്തെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും, ഗവേഷണങ്ങളിലെ താൽപ്പര്യവും, വിദ്യാർത്ഥികളോടുള്ള കരുതലും എന്നും മാതൃകാപരമാണെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഡോക്ടർ എന്നതിലുപരി, രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ഉത്തമ സുഹൃത്തും മാർഗദർശിയുമായിരുന്നു അദ്ദേഹം. 2023-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ 'ലൈഫ് ടൈം അച്ചീവ്മെന്റ്' ഉൾപ്പെടെ നിരവധി ആദരവുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Dr. K. Pavithran (63), Head of Medical Oncology at Amrita Hospital, Kochi, passed away while undergoing treatment for stomach-related ailments. A distinguished oncologist with over two decades of service, he was a recipient of the ISMPOT Lifetime Achievement Award in 2023. His contributions to cancer research and patient care have left an indelible mark on the medical community. He is survived by his wife, Dr. Seethalakshmi, and two daughters.