സംസ്ഥാനത്ത് പാലിന്‍റെ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് സര്‍ക്കാരിന്‍റെ അനുമതി. മില്‍മ നല്‍കിയ ശുപാര്‍ശയിലാണ് വില കൂട്ടാനുള്ള അനുമതി നല്‍കിയത്. ലീറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ. ലീറ്ററിന് നാല് രൂപ വര്‍ധിക്കുമെന്നാണ് സൂചന. വിലവര്‍ധന നാളത്തെ (ബുധന്‍ ) മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അന്തിമമാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വര്‍ധന നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയും തേടിയിട്ടുണ്ട്.
മില്‍മയ്ക്ക് നേരിട്ട് പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്‍റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്‍റെ നിലപാട്. ആറ് മാസം മുന്‍പ് വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. നാളത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചാല്‍ മേയ് ഒന്ന് മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.