kseb

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍.  118.26 ദശലക്ഷം യൂണിറ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. പതിനെട്ടിന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റും മറികടന്ന് പോയത് വലിയ പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഈ മാസം മൂന്ന് തവണയാണ് ഇതുവരെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടത്. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ വാങ്ങിയത്. ഇതും റെക്കോര്‍ഡാണ്.  ഏപ്രില്‍ മാസം തുടങ്ങിയ ശേഷം രണ്ട് ദിവസം മാത്രമാണ് 100 ദശലക്ഷം യൂണിറ്റില്‍ താഴെ വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചത്. ബാക്കി എല്ലാ ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു. 

അതേസമയം, പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് േചരും. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാര്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനെത്തുടര്‍ന്നാണിത്. പവര്‍ എക്സ്ചേഞ്ചില്‍ ഒരുയൂണിറ്റ് വൈദ്യുതിക്ക് 20 രൂപവരെ ഉയര്‍ന്നു. മേയ് 15 വരെ യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി  വാങ്ങാനാണ് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. ഊര്‍ജ സെക്രട്ടറിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.  കേന്ദ്ര പൂളില്‍നിന്ന് 150 മെഗാവാട്ട് ലഭ്യമാക്കാനുള്ള സാധ്യതയും ആരായും. 

പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരില്‍ സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണമുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയം എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നുണ്ട്. പീക്ക് ലോഡ് മാനേജ്മെന്‍റ് കാരണം രാത്രിയില്‍ നിശ്ചിത സമയത്ത് വൈദ്യുതി മുടങ്ങിയേക്കാമെന്നാണ് സന്ദേശം.  15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയാണ് വൈദ്യുതി മുടങ്ങുന്നത്. 

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. പാലക്കാട് പെരുവെമ്പില്‍ തെക്കെപനംകുറ്റിയില്‍ പന്ത്രണ്ടുകാരന്‍ എസ്.ദീക്ഷിതിനും കണ്ണൂരില്‍ കാഞ്ഞിരക്കൊല്ലിയില്‍ കുടിവെള്ളപൈപ്പ് ലൈനില്‍ പണി ചെയ്യുകയായിരുന്ന അബിന്‍ ജോസിനുമാണ് സൂര്യാതപമേറ്റത്. പുറത്ത് കളിക്കുന്നതിനിടെ കഴുത്തിനുചുറ്റം പൊള്ളലേറ്റ ദീക്ഷിത് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികില്‍സ തേടിയപ്പൊഴാണ് സൂര്യാതപമെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പാലക്കാട്  39.9 ഡിഗ്രി സെല്‍സ്യസ്, കൊല്ലത്തും കൊല്ലത്തും തൃശൂരും കോഴിക്കോടും കണ്ണൂരും 37 ഡിഗ്രി സെല്‍സ്യസ് വീതവും ചൂട് രേഖപ്പെടുത്തി.  

250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങള്‍ കെഎസ്ഇബി തുടരുകയാണ്. പവര്‍ എക്സ്ചേഞ്ചില്‍ യൂണിറ്റിന് 20 രൂപയിലേറെ ഉയര്‍ന്നത് തിരിച്ചടിയാണ്. മൂന്നുദിവസം പരക്കെ മഴപെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. 

ENGLISH SUMMARY:

Kerala's daily electricity consumption has reached a historic high of 118.26 million units, breaking the previous record for the third time this month. KSEB is struggling to meet the demand, with power purchase reaching record levels. To manage the load, 15 to 30-minute power cuts are being implemented during peak hours under the 'Peak Load Management' system. A core committee meeting, including the Energy Secretary, is underway today to discuss emergency power procurement and high exchange rates.