angadipuram-farmer-electrocution-incident

വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മലപ്പുറം അങ്ങാടിപ്പുറത്ത് കർഷകന് ദാരുണാന്ത്യം. അങ്ങാടിപ്പുറം പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പ് അബ്ദുൽ അസീസ് (54) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.

അബ്ദുൽ അസീസിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ വാഴകൃഷിയാണ് അദ്ദേഹം നടത്തിയിരുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമായതിനാൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.

കൃഷിയിടത്തിലൂടെ കടന്നുപോയ ആളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് തൊട്ടടുത്ത് തന്നെ ഷോക്കേറ്റ നിലയിൽ കാട്ടുപന്നിയുടെ ജഡവും കിടപ്പുണ്ടായിരുന്നു. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ ഉടനെ മരണം സംഭവിച്ചതാകാമെന്നും ആ സമയത്ത് പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്നും കരുതപ്പെടുന്നു. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ്‌മോർട്ടം നടത്തും. 

ENGLISH SUMMARY:

Kerala farmer electrocuted due to a wild animal fence in Angadipuram, Malappuram. The farmer, Abdul Azeez, was found dead near the fence and a wild boar's carcass, suggesting an accidental electrocution while trying to protect his crops.